Sunday ,October 22, 2017 9:13 PM IST

HomeArticles ബ്രുയാല്‍ സത്യം അപ്രിയ : ഡോ. എം. കുര്യന്‍ തോമസ്
Error
  • JUser: :_load: Unable to load user with ID: 857

ബ്രുയാല്‍ സത്യം അപ്രിയ : ഡോ. എം. കുര്യന്‍ തോമസ്

Written by

Published: Friday, 01 February 2013

സത്യം പറയുക. പ്രിയം പറയുക. അപ്രിയമായ സത്യം പറയരുത് (സത്യം ബ്രുയാല്‍, പ്രിയം ബ്രുയാല്‍, ന ബ്രുയാല്‍ സത്യം അപ്രിയ). ഭാരതീയ ദാര്‍ശനികര്‍ ഒരിക്കലായി പറഞ്ഞുവച്ച നിയമമാണിത്. സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഈ തത്വം അതേപടി പാലിക്കുന്നവരാണ് തികഞ്ഞ ദേശീയരായ മലങ്കര നസ്രാണികള്‍.
എന്നാല്‍ ഈ പ്രതിരോധനിര തകര്‍ത്ത് വൈദിക വിദ്യാഭ്യാസത്തെക്കുറിച്ചും, വൈദികരുടെ കടമയെക്കുറിച്ചും ഒരു തുറന്ന ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ് (പുരോഹിതന്‍, വാല്യം 32, നമ്പര്‍ 1, 2010) ഈ ചര്‍ച്ച തുടങ്ങിവച്ചു എന്നത് വിഷയം ഗൌരവമാണെന്നതിന്റെ തെളിവു മാത്രമല്ല, തുറന്ന മനസോടെ ഈ വിഷയത്തെ സമീപിക്കാം എന്നതിന്റെ സൂചനയായി കണക്കാക്കണം. അതിനാലാണ് അപ്രിയമായ സത്യം പറയുക എന്ന അര്‍ത്ഥമുള്ള ബ്രുയാല്‍ സത്യം അപ്രിയ എന്ന് ഈ ലേഖനത്തിനു തലവാചകം നല്‍കിയത്.
വൈദിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പ്രഥമമായി പരിഗണിക്കേണ്ടത് മലങ്കരസഭ ഒരു വൈദികനില്‍ നിന്നും പ്രതീക്ഷിക്കുന്ന ശുശ്രൂഷ എന്താണ് എന്നതാണ്. ഇഗ്ളീഷിലെ  പാരീഷ് എന്ന പദത്തിന്റെ  അര്‍ത്ഥതലത്തില്‍ ഒതുങ്ങുന്നതല്ല മലങ്കര നസ്രാണികളുടെ ഇടവക. അതേപോലെതന്നെ നസ്രാണി ഇടവകകള്‍ക്ക് നേതൃത്വം നല്‍കുന്ന കത്തനാരെ, റവറണ്ടിലോ, ഫാദറിലോ ഇവ രണ്ടിലും കൂടിയോ ഒതുക്കാന്‍ പറ്റുന്നതല്ല. അതിനേക്കാള്‍ വിശാലവും അഗാധവുമായ അര്‍ത്ഥതലങ്ങളും അതിനാല്‍ സേവനസരണിയും കത്തനാര്‍ക്കുണ്ട്.
രണ്ടാമതായി കത്തനാര്‍ പറിച്ചു നടപ്പെട്ട വൈദിക ശുശ്രൂഷയല്ല. അത് നസ്രാണി സംസ്കൃതിയോടൊപ്പം വളര്‍ന്നുവന്ന ചരിത്രപരമായ ഒരു സംസ്കാരമാണ്. അതിനൊരു ദേശീയ പശ്ചാത്തലവുമുണ്ട്. അതിനാല്‍ പാശ്ചാത്യ ചിന്തയിലെ റവറണ്ടിന്റെയും ഫാദറിന്റെയും അജപാലന ശുശ്രൂഷയുടെ മാനദണ്ഡങ്ങളുടെയും വിശകലനങ്ങളുംകൊണ്ട് കത്തനാരുടെ തത്തുല്യസേവനത്തെ വിശദീകരിക്കാനോ ക്രമീകരിക്കാനോ സാദ്ധ്യമല്ല. അതിന് സ്വന്തമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.
റവറണ്ടും ഫാദറുമാണ് കത്തനാര്‍, എന്നാല്‍ അവ മാത്രമല്ല താനും. ഏറ്റവും ലളിതമായ വാക്കുകളില്‍ കത്തനാരുടെ അജപാലന ശുശ്രൂഷയെ അച്ചന്‍, അച്ഛന്‍ ആചാര്യന്‍ എന്നു നിര്‍വചിക്കാം (ഈ പദസഞ്ചയത്തിന് ഡോ. ഡി. ബാബു പോളിനോട് കടപ്പാട്). കത്തനാര്‍, നസ്രാണി സംസ്കൃതിയുടെ ഭാഗമായതിനാല്‍ അദ്ദേഹത്തില്‍ നിന്നും നസ്രാണി സമൂഹം പ്രതീക്ഷിക്കുന്ന അടിസ്ഥാനപരമായ ശുശ്രൂഷയ്ക്ക് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മാറ്റം ഉണ്ടാകുന്നില്ല.
എന്താണ് പോയ നൂറ്റാണ്ടുകളില്‍ നസ്രാണിസമൂഹം കത്തനാര്‍മാരില്‍ നിന്നും പ്രതീക്ഷിച്ചത്. അക്കാലത്തെ കത്തനാര്‍മാര്‍ ദേശത്തുപട്ടക്കാരായിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ വേണം ഇതു പരിശോധിക്കാന്‍. വിവിധ സൂചനകള്‍പ്രകാരം കൂദാശാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനോടൊപ്പം അവര്‍ കുലീന കുടുംബങ്ങളില്‍പെട്ടവരും, സാമാന്യജനത്തേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും, ബുദ്ധിശക്തിയും ലോകപരിചയവും ഉള്ള ലൌകികകാര്യങ്ങളില്‍ പോലും ഉപദേശം നല്‍കുന്നതിനും മദ്ധ്യസ്ഥത വഹിക്കുന്നതിനും പ്രാപ്തിയുള്ളവരും പൊതുസമൂഹം ബഹുമാനിക്കുന്നവരുമായിരുന്നു.
ഇത്തരം കത്തനാര്‍മാരെ വാര്‍ത്തെടുക്കുവാനുതകുന്ന രീതിയിലായിരുന്നു അന്നത്തെ വൈദിക വിദ്യാഭ്യാസവും. പരമ്പരാഗതമായ മല്പാന്‍ ഭവനങ്ങളായിരുന്നു പഠനക്കളരി. ആറോ ഏഴോ വയസ്സില്‍ സാമാന്യ വിദ്യാഭ്യാസം ആരംഭിക്കേണ്ട പ്രായത്തില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ മല്പാന്‍  ഭവനങ്ങളിലെത്തുന്നു. കോറൂയാ പട്ടം നല്‍കിയാവും മലങ്കര മെത്രാന്‍ കല്പനപ്പടി അവിടേക്കയക്കുക. ലൌകിക - വൈദിക വിദ്യാഭ്യാസവും, ഭക്ഷണവും താമസവും പിന്നെ മല്പാന്റെ വീട്ടിലോ സമീപമുള്ള പള്ളിയിലോ ആണ്. ഇത് വര്‍ഷങ്ങളോളം നീളും. ഇതിനിടയില്‍ നാട്ടുനടപ്പു പ്രായത്തില്‍ വിവാഹം നടക്കുമെങ്കിലും അതൊന്നും മല്പാന്‍ ഭവനത്തിലെ താമസത്തേയോ പഠനത്തെയോ ബാധിക്കില്ല. പത്തു പതിനേഴ് വയസാകുമ്പോഴേയ്ക്കും തക്സായും തഴകി, കത്തനാരു പട്ടവും നേടി, പുത്തന്‍ കുര്‍ബാനയും ചൊല്ലിയ ശേഷമാകും നാട്ടിലേയ്ക്കും കുടുംബ ജീവിതത്തിലേയ്ക്കുമുള്ള മടക്കം. ചിലര്‍ പിന്നെയും അവിടെ താമസിച്ച് ഉപരിപഠനവും നടത്തും.
നൂറ്റാണ്ടുകള്‍ നീണ്ട ഈ പഠനക്രമം നസ്രാണി സംസ്കൃതിയ്ക്ക് അനുരൂപരായ വൈദികരെ സൃഷ്ടിക്കുവാന്‍ ഉപയുക്തമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ നസ്രാണിസമൂഹം വര്‍ത്തകസമൂഹത്തില്‍ നിന്നും കാര്‍ഷിക സംസ്കൃതിയിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോഴും അതിനനുസരിച്ചുള്ള കത്തനാര്‍മാരെ പ്രദാനം ചെയ്യാന്‍ ഈ ഗുരുകുല സമ്പ്രദായത്തിനു കഴിഞ്ഞു.
നസ്രാണികളുടെ ഇടയില്‍ സെമിനാരി എന്ന ആശയം ആദ്യമായി നടപ്പാക്കിയത് 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് റോമന്‍ കത്തോലിക്കരാണ്. അന്നുമുതല്‍ അടുത്ത മൂന്നു നൂറ്റാണ്ടു കാലം മലങ്കരസഭയുടെ ഏറ്റവും വലിയ തലവേദന സെമിനാരികളായിരുന്നു. തുടര്‍ച്ചയായി വന്ന വൈദേശികശക്തികള്‍ നസ്രാണി സംസ്കാരത്തെ ഇല്ലായ്മ ചെയ്തു വൈദേശിക വേദശാസ്ത്രവും സംസ്കാരവും - കേപ്പായുടെ മാര്‍ഗ്ഗം - പ്രചരിപ്പിക്കാനുള്ള ഉപകരണമായി ആണ് സെമിനാരികളെ കണ്ടത്. അമ്പഴക്കാട്ടും മറ്റും റോമന്‍ കത്തോലിക്കര്‍ ആരംഭിച്ച സെമിനാരിയും മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്റെ മുളന്തുരുത്തി സെമിനാരിയും കോട്ടയം പഴയ സെമിനാരിയില്‍ ആംഗ്ളിക്കന്‍ മിഷനറിമാര്‍ നടത്തിയ പരാക്രമങ്ങളും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
20-ാം നൂറ്റാണ്ടില്‍, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 1934-ല്‍, മലങ്കര സഭാഭരണഘടന പാസ്സാവുകയും കോട്ടയം എം. ഡി. സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം ക്രമീകൃതമായി നടപ്പിലാവുകയും ചെയ്തതോടെ വൈദികാഭ്യസനത്തിന് പുതിയൊരു പശ്ചാത്തലം രൂപപ്പെട്ടു. അതനുസരിച്ച് സണ്ടേസ്കൂള്‍, യുവജനപ്രസ്ഥാനം, പ്രാര്‍ത്ഥനായോഗം മുതലായ ആത്മീയ പ്രസ്ഥാനങ്ങളിലുള്ള സജീവ പങ്കാളിത്തത്തോടെ വൈദിക സ്ഥാനാര്‍ത്ഥിയുടെ ഒരുക്കം ഇടവകതലത്തില്‍ ആരംഭിക്കും. തീര്‍ച്ചയായും അവര്‍ ഈ കാലത്ത് വി. മദ്ബഹായില്‍ ശുശ്രൂഷകരും ആയിരിക്കും.
1958-ന് ശേഷം പഴയ സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസവും പുനരാരംഭിച്ചു. തുടര്‍ന്നുള്ള ദശകങ്ങളില്‍ വൈദിക വിദ്യാഭ്യാസത്തിന്റെ അക്കാദമിക് വശം കൂടുതല്‍ ശക്തമായി. പഴയ സെമിനാരിയുടെ ചിട്ടയും നിഷ്ഠയും ചോര്‍ന്നുപോയതുമില്ല.
ഇന്ന് കേരളത്തില്‍ ഏറ്റവും മികച്ച വൈദിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി എന്നു നിസംശയം പറയാം. പക്ഷേ, അവിടെ പഠിച്ചിറങ്ങുന്ന കത്തനാര്‍മാര്‍ കാലത്തിനനുസരിച്ചുള്ള നിലവാരത്തിലെത്തുന്നുണ്ടോ എന്നു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
നസ്രാണികള്‍ ഇന്നൊരു ഏക സംസ്കാര സമൂഹമല്ല. അമേരിക്ക, ഗള്‍ഫ്, ഉത്തരേന്ത്യന്‍ നസ്രാണികളുടെ മൂന്നാം തലമുറമുതലായവയുടെ സംസ്കാരത്തില്‍ പ്രകടമായ മാറ്റംവന്നിട്ടുണ്ട്. അതേപോലെ മൂന്നാം സഹസ്രാബ്ദത്തിന്റെ സൃഷ്ടികളായ യംഗ് പ്രൊഫഷണല്‍സിനും വ്യതിരിക്തമായ ഒരു സംസ്ക്കാരം രൂപപ്പെട്ടു വരുന്നുണ്ട്. ഇവയെ ഒക്കെ ഉള്‍ക്കൊള്ളുവാനും, അനുരൂപമായ അജപാലന ദൌത്യം നിര്‍വഹിക്കുവാനും കത്തനാര്‍ സമൂഹത്തിന് സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പൂര്‍ണമായും അനുകൂലമായ ഒരു മറുപടി നല്‍കാന്‍ ഇന്നു സാധിക്കുകയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഈ അവസ്ഥയ്ക്ക് ഒരു കാരണം ഈ സാംസ്കാരിക വ്യതിചലനം അതിദ്രുതമായിരുന്നു എന്നതാണ്. എന്നാല്‍ വൈദിക പരിശീലനത്തിലെ നോട്ടക്കുറവുകളും ഇതിനു കാരണമായിട്ടുണ്ട് എന്ന വസ്തുത വിസ്മരിച്ചു കൂടാ. ഇനിയുള്ള കാലത്ത് ഇടവകകളിലെ ശുശ്രൂഷ പോലെ തന്നെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് ചെറിയ താല്‍ക്കാലിക കൂട്ടായ്മകളും. യൂറോപ്പിലും ഓസ്ട്രേലിയായിലും, ആഫ്രിക്കയിലും എന്തിന് ഇന്ത്യയില്‍ പോലും ഇത് അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ഈ നിലവാരത്തിലേക്ക് കത്തനാര്‍മാരും ഭരണസംവിധാനവും ഉയര്‍ന്നിട്ടില്ല.
ഒന്നാമതായി പുതിയ തലമുറയും, ചെറു കൂട്ടങ്ങളും അഭ്യസ്തവിദ്യരുടെ സമൂഹമാണ്. അവരേക്കാള്‍ ഉയര്‍ന്നതോ കുറഞ്ഞപക്ഷം അവരോടൊപ്പമോ വിദ്യാഭ്യാസയോഗ്യതയുള്ള ഇടയന്മാര്‍ക്കു മാത്രമേ അത്തരം സമൂഹങ്ങളില്‍ അംഗീകാരം ലഭിക്കൂ. അതിനാല്‍ അഭ്യസ്തവിദ്യരായ - പ്രൊഫഷനല്‍ യോഗ്യതയടക്കം - കൂടുതല്‍ കത്തനാര്‍മാര്‍ ഉണ്ടാകണം.
ഇന്ന് സെമിനാരി വിദ്യാഭ്യാസത്തിന് അടിസ്ഥാനയോഗ്യത ഡിഗ്രിയാണ്. പക്ഷേ, സെമിനാരിയിലെത്തുന്നവരില്‍ ഭൂരിഭാഗവും ഡിഗ്രിക്കുവേണ്ടി ഡിഗ്രിയെടുത്തവരാണ്. ഇതിന് അടിയന്തിരമായി ചെയ്യേണ്ടത് പ്രീ സെമിനാരി എന്ന ശകുനം മുടക്കിയെ പടികടത്തുകയാണ്. വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഇല്ലാതാക്കുകയും സുവര്‍ണ്ണവര്‍ഷങ്ങള്‍  ഫലരഹിതമാക്കുകയും ചെയ്യുന്നതും സമീപകാലത്തു മാത്രം ആരംഭിച്ചതുമായ ഈ കുന്നായ്മക്കൂട്ടം അവസാനിപ്പിക്കണം. അല്ലെങ്കില്‍ വളര്‍ച്ച മുരടിച്ച ഒരു വൈദികസമൂഹമായിരിക്കും അടുത്ത തലമുറയ്ക്ക് ലഭിക്കുന്നത്. പകരം, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നടപ്പിലിരുന്നതുപോലെ സെമിനാരി പഠനം പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷമെങ്കിലും മെത്രാപ്പോലീത്തായോടൊപ്പം ശെമ്മാശനായി നിന്ന്, കൂദാശകളിലും ഭരണത്തിലും പ്രാവീണ്യം നേടാം. കൂട്ടത്തില്‍ കൊണ്ടുനടക്കാന്‍ മേല്‍പ്പട്ടക്കാര്‍ തയ്യാറാണെങ്കില്‍ മാത്രം ഇതിനു മുതിര്‍ന്നാല്‍ മതി.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കുറഞ്ഞത് 13 വയസ് പ്രായമാകുമ്പോള്‍ വി. മദ്ബഹാ ശുശ്രൂഷയില്‍ പ്രവേശിപ്പിക്കണം. കുറഞ്ഞത് അഞ്ചുവര്‍ഷം അവര്‍ ഇടവകകളില്‍ ശുശ്രൂഷിച്ച് കൂദാശകളോടും വി. മദ്ബഹാ ശുശ്രൂഷയോടും അടുക്കും. അതിനുശേഷം മതി വൈദിക വിദ്യാഭ്യാസം. കുറഞ്ഞത് മൂന്നു വര്‍ഷം വി. മദ്ബഹായില്‍ ശുശ്രൂഷിക്കാത്തവര്‍ക്ക് വൈദിക സെമിനാരിയില്‍ പ്രവേശനം നല്‍കരുത്. ഇവരില്‍ വൈദികരാകാത്തവര്‍ ചെറു സമൂഹങ്ങളില്‍ പില്‍ക്കാലത്ത് പരികര്‍മ്മികളായി സഭയ്ക്കു പ്രയോജനം ചെയ്യും. രണ്ടാമതായി, പ്രൊഫഷണല്‍ യോഗ്യതയുള്ള വൈദികരുടെ യോഗ്യതകള്‍ കുറഞ്ഞത് സഭയിലെങ്കിലും  ഉപയോഗപ്രദമാക്കണം. ഉദാഹരണത്തിന് സിവില്‍ എന്‍ജിനിയറിംഗ്  പാസായ വൈദികരുണ്ടെങ്കില്‍ സഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉപയോഗിക്കണം. വൈദികരുടെ ബഹുമുഖ കഴിവുകള്‍ ഫലശൂന്യമാകരുത്.
മൂന്നാമതായി, നസ്രാണി സംസ്കാരം ഒരു പാഠ്യവിഷയമാക്കണം. ഭാഷയുടെയും പ്രാദേശികത്വത്തിന്റെയും ബന്ധനശക്തി അപ്രത്യക്ഷമാകുമ്പോള്‍ നസ്രാണികളെ നാളെ ഒരുമിച്ചു നിര്‍ത്തുന്ന ഏക തന്തു നസ്രാണി സംസ്കാരമാകും. അതിനേക്കുറിച്ചുള്ള അവബോധം, ബഹുമാനം കത്തനാര്‍മാരില്‍ ഉണ്ടാകണം. താന്‍ മേയിക്കുന്ന സമൂഹത്തില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരുവന്‍ കത്തനാര്‍ എന്ന പേരിന് അര്‍ഹനാകൂ. അതിനു തക്ക വൈദിക വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. വിദ്യാഭ്യാസ പ്രക്രിയയിലെ അവിഛിന്നത, വൈവിധ്യ മേഖലകള്‍ ഇവയൊക്കെ ഈ തലയെടുപ്പിനുള്ള ഘടകമാണ്.
മാറുന്ന സമൂഹത്തിനനുസരിച്ച് കത്തനാരുടെ നിലവാരം താഴ്ത്തിയല്ല സമൂഹത്തിലൊരുവനാകേണ്ടത്. പകരം അവരേക്കാള്‍ ഒരു പടിയെങ്കിലും ഉയര്‍ന്നതലത്തില്‍ - ഭൌതികമായും - എത്തിയാണ് അവരുടെ അജപാലകനാകേണ്ടത്.
(പുരോഹിതന്‍ 2011)                     

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3