Sunday ,October 22, 2017 9:14 PM IST

HomeArticlesസ്നേഹത്തണലില്‍ ഈ സായാഹ്നം: ബാഹ്യകേരള സാഹചര്യത്തിലെ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ : ഫാ.ജെയ്സ് .കെ.ജോര്‍ജ്ജ്
Error
 • JUser: :_load: Unable to load user with ID: 857

സ്നേഹത്തണലില്‍ ഈ സായാഹ്നം: ബാഹ്യകേരള സാഹചര്യത്തിലെ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ : ഫാ.ജെയ്സ് .കെ.ജോര്‍ജ്ജ്

Written by

Published: Monday, 04 February 2013

ഞായറാഴ്ച ആരാധന കഴിഞ്ഞ് ഭവനത്തിലേക്ക് മടങ്ങാതെ ദേവാലയ പരിസരത്തു നില്‍ക്കുന്ന ദമ്പതികളോട് വീട്ടിലേക്കു പോകുവാന്‍ പതിവുള്ള തിടുക്കമില്ലായ്മയുടെ കാരണം ആരാഞ്ഞപ്പോള്‍ പറഞ്ഞു; “ഇന്ന് മക്കള്‍ താമസിച്ചേ വരികയുള്ളൂ. അവരില്ലാതെ വീട്ടിലേക്കു ചെല്ലുമ്പോള്‍ ഞങ്ങള്‍ക്ക് എന്തോ വല്ലായ്മ. അടുത്ത ദേവാലയത്തില്‍ സണ്ടേസ്കൂള്‍ പരിപാടിക്കു പോയ കുട്ടികളുടെ ഒരുദിവസം വൈകിട്ടുവരെയുള്ള അസാന്നിദ്ധ്യം മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നു. അങ്ങനെയെങ്കില്‍ ദീര്‍ഘകാലം മക്കളെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും?.

മദ്ധ്യവയസ്സു കഴിയുമ്പോഴേക്കും മക്കള്‍ സ്കൂള്‍  വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിരിക്കും. പിന്നീട് ഉപരിപഠനവും ജോലിയുമായി കുട്ടികള്‍ ഭവനത്തിന് പുറത്തായിരിക്കും. ആസമയത്ത് മാതാപിതാക്കള്‍ക്കുണ്ടാകുന്ന ശൂന്യതാബോധത്തെ “empty nest syndrome” എന്നു വിശേഷിപ്പിക്കാറുണ്ട.് പറക്ക മുറ്റിയ കുഞ്ഞു ങ്ങള്‍ പറന്നകന്നപ്പോള്‍ ശൂന്യമായ കൂട്ടില്‍ തള്ളക്കിളിയുടെ ഏകാന്തത എന്നര്‍ത്ഥം. വിവാഹാനന്തരം ഭാര്യാഭര്‍ത്താ ക്ക•ാര്‍ പരസ്പരം സ്നേഹം പങ്കു വയ്ക്കുകയും, പങ്കാളിയുടെ സാന്നിധ്യത്തില്‍ പൂര്‍ണ്ണത അനുഭവിക്കുകയും ചെയ്യുന്നു. അപരന്റെ സാന്നിധ്യം ആ സമയത്ത് അസ്വസ്ഥത ഉളവാക്കുകയും ചെയ്യും. എന്നാല്‍ പിന്നീട് അവരുടെ പൂര്‍ണ്ണത നേടാനുള്ള ശ്രമത്തില്‍ ഒരു കുഞ്ഞു പിറക്കുകയും അത് ആ ബന്ധത്തെ ദൃഡപ്പെടുത്തുകയും ചെയ്യുന്നു. കുഞ്ഞ് ഭാര്യാഭര്‍ത്താക്ക•ാര്‍ക്കിടയില്‍ അപരനല്ല. അവരുടെ സ്നേഹം ജഢധാരണം ചെയ്തതാണ്. കുഞ്ഞ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ഇങ്ങനെ വളരുന്ന കുഞ്ഞ് കുടുംബത്തില്‍ നിന്ന് മാറി നില്‍ക്കുന്ന സാഹചര്യം വരുമ്പോഴാണ് മാതാപിതാക്കള്‍ക്ക് ശൂന്യതാബോധം ഉണ്ടാകുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് മക്കള്‍ എന്നും കുഞ്ഞുങ്ങളാണ്. വാസ്ഥവത്തില്‍ മനുഷ്യ ശിശു മാത്രമാണല്ലോ പൂര്‍ണ്ണമായി മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നത്. അവരുടെ കാര്യത്തിലുള്ള ശ്രദ്ധ മുതിര്‍ന്നാലും തുടരുക തന്നെ ചെയ്യും. അതുകൊണ്ടാണ് വാര്‍ദ്ധക്യത്തിന്റെ അവശതയിലും കൊച്ചുമക്കളുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടുന്ന മുത്തശ്ശിയെ നാം കാണുന്നത്.   അതുകൊണ്ടു തന്നെ കുടുംബസ്ഥരായ മുതിര്‍ന്ന മക്കളുടെ അസാന്നിദ്ധ്യം മാതാപിതാക്കള്‍ക്ക് ശൂന്യത സമ്മാനിക്കും. തങ്ങളുടെ മക്കളുടെ അസാന്നിദ്ധിലുള്ള അസ്വസ്ഥത അനുഭവിക്കുന്നവര്‍ ഇതേ മാനസികാവസ്ഥ തങ്ങളുടെ മാതാപിതാക്കളും അനുഭവിക്കുന്നതായി തിരിച്ചറിയണം. സഭ വൃദ്ധജന സംരക്ഷണവും സാന്ത്വന പരിപാലനവും ലക്ഷ്യമാക്കി ‘സ്നേഹത്തണലില്‍ ഈ സായാഹ്നം’ എന്ന പരിപാടി പ്രഖ്യാപിക്കുകയും, ഈ വിധത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.  ഇതൊര തുടര്‍ പ്രക്രിയയാണ്. മൂന്നുമാസം കൊണ്ടവസാ നിക്കുന്നതല്ല. ബാഹ്യ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇതെങ്ങനെ തുടരാമെന്ന ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കുറിക്കുകയാണിവിടെ.

1.    സ്നേഹത്തില്‍ ആയിരിക്കുക.
മാതാപിതാക്കളോട് സ്നേഹത്തില്‍ ആയിരിക്കുക എന്നതാണ് ഏറ്റവും മുഖ്യമായി മക്കള്‍ക്ക് ചെയ്യാനാകുന്നത്. അവരായിരിക്കുന്ന നിലയില്‍ അവരെ അംഗീകരിച്ചു സ്വീകരിക്കുമ്പോഴേ ഇതു സാദ്ധ്യമാവൂ. നമുക്കിഷ്ടമില്ലാത്ത പല പത്യേകതകളും നിലപാടുകളും അവര്‍ക്കുണ്ടായിരിക്കാം. സ്നേഹപൂര്‍വ്വമായ തിരുത്തലുകള്‍ നടത്താവുന്നതാണ്. എന്നാല്‍ പലപ്പോഴും ഒരു മാറ്റത്തിനു തയ്യാറാകാത്ത അവരെ ആ നിലയില്‍ ഉള്‍ക്കൊള്ളുകയേ നിവര്‍ത്തിയുള്ളൂ. ഈ കാലഘട്ടത്തിന് തീര്‍ത്തും യോജിക്കാത്ത സമീപനങ്ങളില്‍ അവര്‍ കടുംപിടുത്തം നടത്തുമ്പോള്‍ മുഷിവുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഏന്നോര്‍ക്കുക - അവരുടെ ലോകപരിചയവും വിദ്യാഭ്യാസവും സാഹചര്യങ്ങളും ആ നിലയിലാണ് അവരെ ചിന്തിപ്പിക്കുന്നത്. തങ്ങള്‍ ശരിയെന്ന ധാരണയിലാണ് അവര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതും. മറ്റു മക്കളോടുള്ള സമീപനം, നമ്മോടു വിവേചനപൂര്‍വ്വം ഇടപെട്ടത്, മറ്റു മക്കളോടു പക്ഷം ചേര്‍ന്നത്, ഭാഗംവയ്ക്കലില്‍ അനീതി നടന്നെന്ന തോന്നല്‍ ഇവയൊക്കെ മാതാപിതാക്കള്‍ക്കെതിരേയുള്ള പരാതിയാവാം. മാതാപിതാക്കള്‍ക്ക് തെറ്റിയെന്ന് നമുക്ക് സമര്‍ത്ഥിക്കാനുമാവും. എന്നാല്‍ ഒന്നോര്‍ക്കുക – അവര്‍ നമ്മുടെ മാതാപിതാക്കളാണ്. ഈയൊരൊറ്റ സത്യത്തിന്റെ അടിസ്ഥാനത്തില്‍ നാം അവരെ സ്നേഹിച്ചേ മതിയാവൂ. അവര്‍ക്ക് പകരക്കാരില്ല. ചില കിര്യങ്ങളില്‍ തെറ്റിയിരിക്കാമെങ്കിലും നമ്മുടെ ജനനത്തിനും വളര്‍ച്ചയ്ക്കും കാരണക്കാരാണവര്‍.“We can change our friends, we can’t change our neighbours”  എന്നു പറയാറുണ്ട്. എന്നാല്‍ പണമുണ്ടെങ്കില്‍ മറ്റൊരിടത്തേക്ക് താമസം മാറിയാല്‍ അയല്‍ക്കാരെ മാറ്റാം പക്ഷേ മാതാപിതാക്കളെ മാറ്റാനാവില്ല. നമ്മുടെ മാതാപിതാക്കളുടെ പല മക്കളില്‍ ഒരാളാണ് നാം. എന്നാല്‍ നമുക്ക് ഒരൊറ്റ മാതാപിതാക്കളേയുള്ളൂ. അങ്ങനെയെങ്കില്‍ അവരുടെ സഹംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ സഹോദരങ്ങള്‍ക്കുള്ള നിഷേധസമീപനം നമ്മുടെ നിലപാടുകളെ സ്വാധീനിക്കേണ്ടതില്ല. സഹോദരങ്ങളുടെ എല്ലാ തെറ്റുകളും നാം ആവര്‍ത്തിക്കാറില്ലല്ലോ.

2. സമ്പര്‍ക്കത്തില്‍ ആയിരിക്കുക.
സ്നേഹത്തിന്റെ വെളിപ്പെടുത്തലാണ് സമ്പര്‍ക്കം. നാടിനുവെളിയില്‍ താമസിക്കുന്നവര്‍ക്ക് ഇതു കൂടുതല്‍  പ്രസക്തമാണ്. വിദൂരത്തുള്ള മക്കളുടെ ശബ്ദത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ് മാതാപിതാക്കള്‍. കഴിയുമെങ്കില്‍ എല്ലാ ദിവസവും കുറച്ചു സമയം സംസാരിക്കുവാന്‍ കഴിയണം. വിവരങ്ങള്‍ അറിയുക എന്നല്ല ശബ്ദം കേള്‍ക്കുന്നതിലൂടെ മക്കളുടെ അസാന്നിദ്ധ്യം ഉണ്ടാക്കുന്ന ശൂന്യത പരിഹരിക്കുകയാണവര്‍. ആഴ്ചയിലൊരിക്കലെങ്കിലും നിര്‍ബ്ബന്ധമായും സംസാരിച്ചിരിക്കണം. കൊച്ചു മക്കളെയും അതിനു പ്രേരിപ്പിക്കണം. സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞിന്റെ ശബ്ദവും അവര്‍ക്ക് ആനന്ദപ്രദമാണ്. അപ്പപ്പാ, അമ്മച്ചീ എന്നു വിളിക്കുമ്പോള്‍ വല്ലാത്ത നിര്‍വൃതി ഉണ്ടാകുന്നു. ഇത് ബാഹ്യകേരളത്തിലുള്ളവര്‍ ചെയ്യേണ്ടതാണ്.
    മഹാത്മാഗാന്ധിയുടെ മുത്തശ്ശന്റെ പേരുവരെ നമ്മുടെ കുട്ടികള്‍ പറയും. ചരിത്രപഠനത്തിന്റെ ഭാഗമായി അവര്‍ചെയ്യുന്നതാണിത്. എന്നാല്‍ സ്വന്തം വല്യപ്പന്‍ ആരാണെന്ന് അത്ര നിശ്ചയമില്ലാത്തവരും ഇല്ലാതില്ല. പരിമിതികളുണ്ടെങ്കിലും ബാഹ്യകേരളത്തിലെ മാതാപിതാക്കള്‍ കുട്ടികളെ ആ നിലയില്‍ പരിശീലിപ്പിക്കേണ്ടതാണ്. നാടെവിടെയണെന്ന് ചോദിച്ചാല്‍  മിഴിച്ചു നില്‍ക്കുന്ന കുട്ടിയെപ്പറ്റി “അവനൊന്നുമറിയില്ല, നാട്ടില്‍ പോയിട്ടില്ല”  എന്ന് അഭിമാനത്തോടെ മാതാ}ിതാക്കള്‍ പറയാതിരിക്കുക. ഇത് അപമാനമാണ്. നമ്മുടെ നാടും വീട്ടുപേരും പൂര്‍വ്വികരെയുമൊക്കെ അറിയണം. രണ്ടക്ഷരത്തിലുള്ള ഇനിഷ്യലില്‍ വീട്ടുപേരും, പിതാവിന്റെ പേരും നമുക്കുണ്ട്.വാസ്തവത്തില്‍ ആ പേരില്‍ അയാളു മേല്‍വിലാസം മുഴുവനും വരും. K. A. George  എന്നാല്‍ കാവുങ്കല്‍ ഏലിയാസ് മകന്‍ ജോര്‍ജ് എന്നര്‍ത്ഥം. ബാഹ്യ കേരളത്തില്‍ മുനിസിപ്പാലിറ്റി നല്‍കിയിരിക്കുന്ന വീട്ടു നമ്പര്‍ അവരുടെ മേല്‍ വിലാസമായി തെറ്റിദ്ധരിച്ചിരിക്കുന്നു. നാട്ടില്‍ പോകുമ്പോള്‍ ജീവനോടെ യിരിക്കുന്ന മുതിര്‍ന്ന തലമുറയെ പരിചയപ്പെടുത്താനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഒപ്പം പൂര്‍വ്വികരുടെ കബറിടം സന്ദര്‍ശിക്കുവാനും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കി ക്കൊടുക്കുവാനും ശ്രദ്ധിക്കണം.

3. സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കുക.

മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്വമാണ്. മാതാപിതാക്കളുടെ സംരക്ഷണ നിയമം വന്നത് നമ്മുടെ സമൂഹത്തിന്റെ പുരോഗതിയായല്ല കാണേണ്ടത്. നാം അവരെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും നിയമപരമായ ബാദ്ധ്യത യായതുകൊണ്ടല്ല, ധാര്‍മ്മിക ഉത്തരവാദിത്വമാണ്. മാതാപിതാ ക്കള്‍ക്ക് നല്ല വരുമാനവും നല്ല ജീവിത സാഹചര്യവും ഉണ്ടെങ്കില്‍ ക്കൂടി മക്കള്‍ എന്ന നിലയില്‍ നമ്മുടെ ബാദ്ധ്യത നിറവേ റ്റേണ്ടതാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ഒരു അഭിമുഖത്തില്‍ തന്റെ പിതാവിന് മുണ്ടു വാങ്ങി നല്‍കുന്നതിനെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. “മക്കളില്‍ നിന്നും വല്ലതും സ്വീകരിക്കുന്നത് മാതാപിതാക്കള്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിട്ടല്ല. എന്നാല്‍ മക്കളില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു പ്രത്യേകതയുണ്ട്.” മാതാപിതാക്കള്‍ക്ക് നമ്മുടെ വരുമാനത്തില്‍ നിന്നും പതിവായി എന്തെങ്കിലും നല്‍കേണ്ടതാണ്. നമ്മുടെ സാമ്പത്തിക സ്ഥിതിയും അവരുടെ ആവശ്യവും അനുസരിച്ച് അതില്‍ വത്യാസങ്ങളുണ്ടാകാം. എന്നാല്‍ അവര്‍ക്ക് ആവശ്യമി ല്ലെങ്കില്‍ക്കൂടി നമ്മുടെ ബുദ്ധിമുട്ടിലും എന്തെങ്കിലും നല്‍കിയി രിക്കണം. ഒരിക്കല്‍ തീര്‍ക്കാന്‍ കഴിയാത്ത ബാദ്ധ്യത അവരോട് നമുക്കുണ്ട്. അതിന്റെ ഒരു ബാഹ്യപ്രകടനമാവണം ഇത്.

4. ശുശ്രൂഷിക്കുന്ന സഹോദരങ്ങളെ ആദരിക്കുക.

മാതാപിതാക്കളേടുള്ള ഉത്തരവാദിത്വം പണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കാവുന്നതല്ല. അവര്‍ക്ക് വേണ്ടത് നമ്മുടെ സ്നേഹവും, സാന്നിധ്യവും ശുശ്രൂഷയുമാണ്. എന്നാല്‍ പ്രത്യേക ജീവിത സാഹചര്യത്തില്‍ അത് നിറവേറ്റാന്‍ കഴിയാതെ വന്നിരിക്കുന്നത് നമ്മുടെ കുറവു തന്നെയാണ്. അപ്പോള്‍ ആ ഉത്തരവാദിത്വം നിയോഗമായി ഏറ്റെടുത്തിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ നന്ദിയോടെ സമീപിക്കണം. നിങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ് അവര്‍ ചെയ്യുന്നത്. നേരിട്ടു ചെയ്യുന്ന ശുശ്രൂഷക്ക് മറ്റൊന്നും പകരം വയ്ക്കാനില്ല. എന്തെങ്കിലുമൊന്ന് അയച്ചുകൊടുത്തും, ഫോണിലൂടെ സ്നേഹം കാണിച്ചും നിങ്ങള്‍ കടമ നിറവേറ്റുമ്പോള്‍, യഥാര്‍ത്ഥ ശുശ്രൂഷ അവരുടേതാണ്. മാതാപിതാക്കളുടെ എല്ലാ പ്രത്യേകതകള്‍ക്കും നിര്‍ബ്ബബുദ്ധിക്കും അനുസൃതമായി കാര്യങ്ങള്‍ ചെയ്യുക അത്ര എളുപ്പമല്ല. അതിനാല്‍ ദയവായി അവരുടെ പരിചരണത്തിലെ അപാകതകളെ വിമര്‍ശിക്കാതിരിക്കുക. അവിടെയുള്ള കുറവുകള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യാമെന്നല്ലാതെ “അമ്മച്ചിയെ നല്ല ബെഡ്ഷീറ്റില്‍ കിടത്തൂ, അപ്പച്ചന് പുതിയ പുതപ്പ് നല്‍കൂ” എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക. വര്‍ഷത്തില്‍ ഒരാഴ്ച അവിടെ ചെന്നിട്ടാണ് ഇത്തരം പ്രകടനങ്ങള്‍. ബാക്കി മുഴുവന്‍ ദിവസവും നോക്കുന്നത് അവരാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു വാങ്ങി നല്‍കിയിട്ട് ‘ഞങ്ങള്‍ക്ക് എന്നും നോക്കാന്‍ സാധിക്കുന്നതല്ലല്ലോ, അതിന്റെ വിഷമം തീര്‍ക്കാന്‍ ഞാനൊരു പുതിയ പുതപ്പു വാങ്ങി, ഇന്ന് ഇത് വിരിക്കാം അല്ലേ’ എന്നു പറയുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്കും അപ്പച്ചനും അമ്മച്ചിക്കും സന്തോഷമാവും. അല്ലാതെ വൃഥാ വാഗ്ദാനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വേണ്ട. “അമ്മച്ചി ഞങ്ങളുടെ കൂടെ പോരൂ, ഞങ്ങള്‍ പൊന്നു പോലെ നോക്കാം” എന്നൊക്കെയുള്ള വൃഥാ വാഗ്ദാനങ്ങള്‍ വേണ്ടേവേണ്ടാ. ഒരാഴ്ച തികച്ച് അവരെ നോക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇവിടുത്തെ സാഹചര്യങ്ങള്‍, കാലാവസ്ഥ ഇവ അവര്‍ക്കു പിടിച്ചെന്നും വരില്ല.  അതുകൊണ്ട് അവരെ അവരുടെ സാഹചര്യത്തില്‍ ശുശ്രൂഷിക്കട്ടെ. ഈ ഭാരിച്ച ചുമതല ഏറ്റെടുത്തിരിക്കുന്ന സഹോദരങ്ങളെ ആദരിക്കുക. നിങ്ങള്‍ക്കാക്കെ കഴിയാത്തത് ചെയ്യുന്നതവരാണെന്നു മനസ്സിലാക്കുക.

Tell a Friend

6 comments

 • Comment Link ROY VARGHESE Thursday, 30 May 2013 14:56 posted by ROY VARGHESE

  ഞാന്ൻ എന്റെ അമ്മയെ കൂടെ നിറ്ത്തി പരിപാലിക്കുന്നു എങ്കിലും ഈ ലേഖനം എനിക്കും പുതിയ ഉള്കാഴ്ച നല്കി.

 • Comment Link Jikku Kuriakose Thursday, 28 February 2013 08:33 posted by Jikku Kuriakose

  ഗുഡ് ആര്‍ട്ടിക്കിള്‍

 • Comment Link PC Mathai Monday, 18 February 2013 10:48 posted by PC Mathai

  I wish everybody followed this. This article should be widely circulated in the churches. Instead of giving long speeches, Sunday sermons should convey such messages. If not all, some will definitely accept and adhere these points in their life. Keep up the good work, achan.

 • Comment Link Jinu M T Wednesday, 13 February 2013 04:04 posted by Jinu M T

  A perfect article to all...

 • Comment Link James George Monday, 11 February 2013 07:18 posted by James George

  ഡിയര്‍ അച്ചന്‍, ഇത് ശരിക്കും ഹൃദയത് തൊട്ടുണര്‍ത്തുന്ന ഒരു ആര്‍ട്ടിക്കിള്‍ ആണ്. തീര്‍ച്ചയായും ഇതാര്തില്ലുള്ള articles കൂടുതല്യി വരണോം. ഗള്‍ഫ്‌ പ്രവസില്കള്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു motivation ആകുവാന്‍ പ്രാര്‍ത്ഥിക്കാം

 • Comment Link Fr.PA.Philip Tuesday, 05 February 2013 09:58 posted by Fr.PA.Philip

  ഈ ആര്‍ട്ടിക്കിള്‍ ബാഹ്യ കേരള ത്തിലെ ആളുകള്‍ വായിച്ചു മനസ്സിലാക്കണം. മാതാപിതാക്കള്‍ അധികവും കേരളത്തില്‍ തന്നെ ആണല്ലോ. അവരെ ഏതൊക്കെ രീതിയില്‍ സഹായിക്കാം എന്ന് ഈ ലേഖനത്തിലൂടെ ബഹു. അച്ചന്‍ സമര്തിചിരിക്കുന്നു. ഇത്തരം ലേഖനങ്ങള്‍ ഇനിയം ഉണ്ടാകട്ടെ.

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
 • slide show1
 • slide show2
 • slide show3