Monday ,October 23, 2017 10:46 PM IST

HomeArticlesഈ മോഹം ആരു സാധിക്കും? :ഡോ. എം കുര്യന്‍ തോമസ്
Error
 • JUser: :_load: Unable to load user with ID: 857

ഈ മോഹം ആരു സാധിക്കും? :ഡോ. എം കുര്യന്‍ തോമസ്

Written by

Published: Monday, 15 April 2013

കോട്ടയം ഇടവകയുടെ നി. വ. ദി. ശ്രീ. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ കടന്നുപോയപ്പോള്‍ മലങ്കര സഭയിലെ ഒരു സവിശേഷ കാലഘട്ടത്തിന്റെ അവസാന കണ്ണികളിലൊന്നുകൂടി മറയുകയായിരുന്നു. വൃക്ഷങ്ങളും ചെടികളും പൂക്കളും അതിരിട്ട തന്റെ ദയറായിലെ കബറില്‍ ആ ഭൌതീക ശരീരം മറയപ്പെട്ടപ്പോള്‍ പറുദീസായില്‍ ആദ്യ മനുഷ്യനായ ആദാം കൂടാരമടിച്ച അതേ സ്ഥാനത്ത് തന്റെ വിശ്രമമാരംഭിക്കുകയും, തുടരുന്ന സ്വര്‍ഗ്ഗീയ ബലിയില്‍ തന്റെ സഹകാര്‍മ്മികത്വം ആരംഭിക്കുകയും ചെയ്തു.
സ്മര്യപുരുഷന്റെ ആഗ്രഹപ്രകാരം തികച്ചും ലളിതമായി അദ്ദേഹത്തിന്റെ മരണാരന്തര കര്‍മ്മങ്ങള്‍ നടത്താന്‍ സഭ പരമാവധി ശ്രമിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. എങ്കിലും അദ്ദേഹം എന്നും വെറുത്തിരുന്ന ധൂര്‍ത്തിനും അനാവശ്യ ചിലവുകള്‍ക്കും യാതൊരു കുറവുമില്ലായിരുന്നു എന്നും ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന ഫ്ളക്സുകള്‍ നാടെങ്ങും നിറച്ചു.  ഓരോന്നിനും പതിനായിരക്കണക്കിനു രൂപാ ചിലവുവരുന്ന പത്രപ്പരസ്യങ്ങള്‍ തുടരെ പ്രസിദ്ധീകരിച്ചു. നൂറുണക്കിനു രൂപാ വിലയുള്ള പൂച്ചെണ്ടുകള്‍കൊണ്ട് തട്ടിന്‍പുറം കുന്ന് നിറച്ചു. എന്തിന്? സ്വയം പ്രദര്‍ശനത്തിന്. അനാര്‍ഭാട വിടവാങ്ങലിന്റെ മാറ്റുകുറച്ച നടപടികളായിരുന്നു ഇവ.
 സഭാകേന്ദ്രം ഇക്കാര്യത്തില്‍ തികച്ചും നിരപരാധിയാണ്. പക്ഷേ ഒന്നു മനസിലാക്കണം. കയ്യില്‍ കിട്ടിയതും കടം വാങ്ങിയതും മുഴുവന്‍ ജീവിതകാലത്ത് പഠന-ചികില്‍സാ ചിലവുകള്‍ക്കായി വിതരണം ചെയ്ത ഒരു മഹത് വ്യക്തിത്വത്തിന്റെ പേരിലാണ് ഇവയെല്ലാം ചെയ്തത്. ഒരു പ്രകൃതി സ്നേഹിയുടെ പേരില്‍ നിര്‍മ്മിച്ച പരിസ്ഥിതി സംഹാരകമായ ഫ്ളക്സുകളെപ്പറ്റി ഒന്നും പ്രത്യെകിച്ചു പറയേണ്ടതില്ല. ഒരു പൂച്ചെണ്ടിന്റെ വിലയുണ്ടെങ്കില്‍ പല രോഗികള്‍ക്കും ഒരു മാസത്തെ മരുന്നിനു തികഞ്ഞേനേ. പരസ്യത്തിന് ചിലവാക്കിയ പണം തിരുമേനിയുടെ പേരില്‍ ഒരോ സ്കോളര്‍ഷിപ്പാക്കി മാറ്റിയിരുന്നെങ്കില്‍ അവയിലോരോന്നും ഉപയോഗിച്ച് ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ പഠനച്ചിലവു വഹിക്കാമായിരുന്നു. അത് അദ്ദേഹത്തിനു താല്‍പര്യമുള്ള ഒരു നിത്യ സ്മാരകവുമായേനേ. കണ്ണു തുറന്നു ചിന്തിക്കണം.
ഒരു ഫാനിന്റെ ശീതളിമയില്‍ ആശ്വാസം കണ്ടത്തുകയും, നിശബ്ദതയെ സ്നേഹിക്കുകയും, വൈദ്യുതി ലാഭിക്കാന്‍ സൌരോര്‍ജ്ജത്തെ ആശ്രയിക്കുകയുമാണ് പ്രകൃതി സ്നേഹിയായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ചെയ്തത്. പക്ഷേ ആദ്ദേഹത്തിന്റെ വാല്‍സല്യ ശിഷ്യരെന്ന് സ്വയം അവകാശപ്പെടുന്ന പലരും തിരുമനസു കല്‍പിച്ച ചിലവുചുരുക്കലിന്റെ പേരില്‍ ഇടവക്കാരെ തമ്മിലടിപ്പിക്കുകയും,  മല്‍സര ബുദ്ധിയോടെ പള്ളികള്‍ അനാവശ്യമായി എയര്‍ കണ്ടീഷന്‍ ചെയ്യുകയും, ചെവി തകര്‍ക്കുന്ന ചിലവേറിയ സൌണ്ട് സിസ്റംകൊണ്ട് പള്ളികള്‍ നിറയ്ക്കുകയുമാണ് ചെയ്തത്. ഒരു പൂച്ചെടിപോലും പള്ളിപ്പറമ്പില്‍ വെച്ചുപിടിപ്പിക്കാന്‍ തയാറാകത്ത ഈ മഹാന്മാരില്‍നിന്നും ഇത്തരം സ്വയം പ്രദര്‍ശന സാമഗ്രികളല്ലാതെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതാകുമായിരുന്നു അല്‍ഭുതം.
സാംഗത്യവശാല്‍ ഇവ സൂചിപ്പിച്ചു എന്നു മാത്രമേയുള്ളു. ഇതൊന്നുമല്ല ഈ കുറിപ്പിനു ആധാരം. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. മലങ്കര സഭയ്ക്ക് ശ്വാശ്വതമായ പ്രയോജനം ചെയ്യുന്ന ഒരു സ്വപ്നം. ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ കേന്ദ്രീകരിച്ച് മലങ്കര സഭയ്ക്ക് ഒരു സ്ഥിരം ധ്യാന കേന്ദ്രം ഉണ്ടാക്കുക എന്നതായിരുന്നു ആ സ്വപ്നം. പൌരസ്ത്യ ആദ്ധ്യാത്മികതയും ഓര്‍ത്തഡോക്സ് പാരമ്പര്യവും അടിസ്ഥാനമക്കി ഏതാനും ദിവസങ്ങളോ ഒരാഴ്ചയോ നീണ്ടു നില്‍ക്കുന്ന ധ്യാനങ്ങള്‍ സ്ഥിരമായി സംഘടിപ്പിക്കുക. വി. കുര്‍ബാനയും, യാമ നമസ്കാരങ്ങളും, മൌനപ്രാര്‍ത്ഥനകളും, വേദപഠനവുമൊക്കെ ചേര്‍ത്ത മനഃശാന്തി നല്‍കുന്ന ഒരു മാനസിക-ആത്മീയ കായകല്പ ചികില്‍സ. അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ഇത്തരമൊരു കേന്ദ്രം ഇന്ന് മലങ്കരസഭയ്ക്ക് അത്യന്താപേഷിതമാണ്. ഏതെങ്കിലും സഭാ സ്ഥാപനത്തില്‍ ഒറ്റയ്ക്കും കുടുംബമായും ഏതാനും ദിവസങ്ങളോ ഒരാഴ്ചയോ ഏകാന്തമായോ, പ്രാര്‍ത്ഥനാ ചക്രത്തിലോ കഴിയാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിനു ആളുകള്‍ ഇന്നുണ്ട്. പരുമലയും മറ്റു ചില സ്ഥലങ്ങളിലും ധ്യാനകേന്ദ്രങ്ങളുണ്ടെങ്കിലും അവിടുത്തെ തിരക്കും ബഹളവും അവര്‍ക്കു മനഃശാന്തി നല്‍കുന്നില്ല. ഫലം; ഈ മലയിലും ആ മലയിലുമുള്ള ധ്യാനകേന്ദ്രങ്ങള്‍ തേടി ഇവര്‍ പോകുന്നു.
നഗരത്തിരക്കുകളില്‍നിന്നകന്ന് കാനനഭംഗി വഴിഞ്ഞോഴുകുന്ന തട്ടിന്‍പുറംകുന്ന് പോലെ ഇതിന് അനുയോജ്യമായ മറ്റൊരു സ്ഥലവും ഇന്ന് മലങ്കര സഭയ്ക്കില്ല. വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗതാഗതത്തിരക്കോ തട്ടിന്‍പുറത്തിന്റെ ശാന്തത ഭംജ്ഞിക്കുന്നില്ല. എന്നാല്‍ അവിടെ മതിയായ ഗതാഗത സൌകര്യം ഉണ്ടുതാനും. വെള്ളവും വെളിച്ചവും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമടക്കം എല്ലാ സൌകര്യങ്ങളും മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാപനം തുടങ്ങുകയേ വേണ്ടു.
ദയറായോടു ചേര്‍ന്നുള്ള സണ്ടേസ്കൂള്‍ അസോസിയേഷന്‍ വക വിശാലമായ കെട്ടിടം കൂടി ഈ ആവശ്യത്തിന് ഉപയോഗിക്കാം എന്നദ്ദേഹം കണക്കുകൂട്ടിയിരുന്നു. സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കോളം വെട്ടിച്ച് കാശുണ്ടാക്കി പണിത ഈ കെട്ടിടം ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. മതിയായ താമസ സൌകര്യം അവിടെയുണ്ട്. ഇതു കൂടി ലഭ്യമായാല്‍ യാതൊരു പുതിയ നിര്‍മ്മിതിയും കൂടാതെ ധ്യാന കേന്ദ്രം ആരംഭിക്കാം. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം കൊണ്ടു നടക്കുന്ന സ്വപ്നം അതായിരുന്നു.
ഭൌതിക സമ്പാദ്യങ്ങള്‍ ഇല്ലായിരുന്ന മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ മിക്കവാറും വില്‍പ്പത്രമോ അന്ത്യ കല്പനയോ എഴുതിയിട്ടുണ്ടാവില്ല. പക്ഷേ പൌരസ്ത്യ ആത്മീയതയുടെ അഗാധതലങ്ങളിലും നിശബ്ദതയുടെ സൌന്ദര്യത്തിലും നിമഗ്നനായിരുന്ന അദ്ദേഹം ആത്മാക്കളെ നേടാന്‍ ഈ ധ്യാന കേന്ദ്രത്തിനു സാധിക്കുമെന്നു ദര്‍ശിച്ചിരുന്നു.
കാര്യമായ മുതല്‍മുടക്കുകൂടാതെയും സമയം നഷ്ടപ്പെടുത്താതെയും മാര്‍ ബസേലിസോസ് ദയറായില്‍ മലങ്കര സഭയുടെ നവോത്ഥാന കേന്ദ്രം ആരംഭിക്കാം. പ. എപ്പിസ്ക്കപ്പല്‍ സുന്നഹദോസ് അതിനുള്ള പദ്ധതികള്‍ അടിയന്തിരമായി ആവിഷ്ക്കരിച്ച് പ. പിതാവിന്റെ നിയന്ത്രണത്തില്‍ സഭയുടെ ഒരു പൊതു സ്ഥാപനമായി ധ്യാന കേന്ദ്രം ഉടന്‍ ആരംഭിക്കണം. ക്രിത്യമായ ദിനചര്യയും നിയന്ത്രണവുമുള്ള ത്രിദിന-സപ്തദിന ധ്യാനങ്ങള്‍ എല്ലാമാസവും അവിടെ ഉണ്ടാവണം. യോഗ്യതയുള്ളവരെമാത്രം അതിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കണം. ഏകാന്ത ധ്യനത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ഉണ്ടാക്കണം. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്കു നിര്‍മ്മിക്കാവുന്ന ഏറ്റവും വലുതും ഉചിതവുമായ സ്മാരകം അതായിരിക്കും. എന്തുവന്നാലും തട്ടിന്‍പുറംകുന്നിന്റെ സൌന്ദര്യവും ശാന്തതയും ഭംജ്ഞിക്കരുത്. തീര്‍ച്ചയായും അതദ്ദേഹത്തിന് ഇഷ്ടമാവില്ല.   

Tell a Friend

3 comments

 • Comment Link Fr.K.Y.Wilson Manalethu Wednesday, 26 June 2013 03:39 posted by Fr.K.Y.Wilson Manalethu

  It is a good proposal from Kurien Thomas. By establishing a retreat centre at the Dayara, we can meaningfully pay our homage to Mar Ivanios Thirumeni whose life was immersed in Orthodox spirituality.

  Fr. K. Y. Wilson Manalethu, Atlanta, USA.

 • Comment Link liju thomas Monday, 03 June 2013 06:29 posted by liju thomas

  yes....it is a good dedication to our beloved IVANIOS thirumeni.......it is the dream of church members........our supports are with you dear sir.

 • Comment Link Abraham Thomas Monday, 27 May 2013 07:14 posted by Abraham Thomas

  ശരി തന്നെ താങ്കൾ പറഞ്ഞത് എന്ടെ ചിന്തയിൽ നമ്മൾ ഒരുപാടു വ്യർത്ഥ ചിലവും പൊങ്ങച്ചവും കാണിക്കുന്നവരാണ് ഈ കരിയതിൽ നമ്മൾ മാര്ത്തോമ സഭയെ മാതൃകയാക്കാം അവര്ക് എത്ര മിഷൻ സെന്ററുകളും എത്ര സാധുജന പ്രവർത്തനങ്ങളുമാണ്

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
 • slide show1
 • slide show2
 • slide show3