Sunday ,October 22, 2017 9:14 PM IST

HomeArticlesദൈവത്തിന്റെ ദാനമായ സൌരോര്‍ജ്ജം : ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
Error
  • JUser: :_load: Unable to load user with ID: 857

ദൈവത്തിന്റെ ദാനമായ സൌരോര്‍ജ്ജം : ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

Written by

Published: Tuesday, 16 April 2013

ദൈവത്തിന്റെ സകല സൃഷ്ടിക്കും വേണ്ടി കണ്ണീരൊഴുക്കുകയും ആര്‍ദ്രതയോടെ നമ്മോടു കൂടി ജീവിക്കുകയും ചെയ്ത പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ ഈ ഓര്‍മ്മപ്പെരുന്നാള്‍ ദിവസം തന്നെ നമ്മുടെ സൌരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു എന്നത് ഏറ്റവും സമുചിതമായ ഒരു സംഗതിയാണ്.
നമുക്കെല്ലാവര്‍ക്കും അറിയാം, പൌരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായിട്ട് കിഴക്കോട്ട് തിരിയുന്നവരാണ്. മാമോദീസായില്‍ നമ്മുടെ മുഖം കിഴക്കോട്ടു തിരിക്കുന്നു. നീതിസൂര്യന് അഭിമുഖമായി മുഖം കിഴക്കോട്ട് തിരിക്കുന്നു. നാം മരിക്കുമ്പോഴും നമ്മുടെ മുഖം കിഴക്കോട്ടു തിരിച്ചു വയ്ക്കുന്നു. നീതിസൂര്യനായ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ കാത്തുകൊണ്ട്. അങ്ങിനെ ജീവിക്കുമ്പോഴും മരിക്കുമ്പോഴും നാം കിഴക്കോട്ട് തിരിയുന്നവരാണ്. കിഴക്ക് സൂര്യന്റെ ദിക്കാണെന്ന് നമുക്കറിയാം. സൂര്യനെ സ്വീകരിക്കാന്‍ പുരോഭാഗത്ത് (മുമ്പില്‍/ആദ്യം) നില്‍ക്കുന്നവരാണ് പൌരസ്ത്യര്‍. ആ വാക്കിന്റെ അര്‍ത്ഥം അതാണ്. കിഴക്കോട്ട് തിരിയുക, സൂര്യനെ കാണുക, ആ സൂര്യന്റെ പുറകിലുള്ള സൂര്യന്റെ സൂര്യനായ നമ്മുടെ കര്‍ത്താവായ യേശുമശിഹായെ സ്തുതിക്കുക - ഇത് നമ്മുടെ ആരാധനയുടെയും ജീവിതത്തിന്റെയും അടിസ്ഥാനപരമായ സംഗതിയാണ്.
നാം കാണുന്ന ഈ സൂര്യനെയല്ല നാം വന്ദിക്കുന്നത്. നീതിസൂര്യനായ യേശുക്രിസ്തുവിനെയാണ്. പക്ഷേ, നമ്മുടെ പിതാക്കന്മാര്‍ എപ്പോഴും പറഞ്ഞിരുന്നു, ഈ കാണുന്ന സൂര്യന്‍ നമ്മുടെ നിത്യസൂര്യന്റെ ഒരു സാദൃശ്യമാണ്, അതുകൊണ്ട് നിങ്ങള്‍ ഈ സൂര്യനെയും ആദരിക്കണം എന്ന്.
നമ്മള്‍ കിഴക്കോട്ട് തിരിഞ്ഞു നിന്ന് കുമ്പിട്ടു നടത്തുന്ന എല്ലാ നമസ്ക്കാരങ്ങളും വാസ്തവത്തില്‍ സൂര്യനമസ്ക്കാരമാണ്. നമുക്കറിയാം, നമ്മുടെ ഭാരതത്തില്‍ സൂര്യനമസ്ക്കാരം എന്നും ഗായത്രീമന്ത്രമെന്നും പറഞ്ഞാല്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഗായത്രി സൂര്യനാണ്. ഗായത്രീമന്ത്രം സൂര്യധ്യാനമാണ്. അതോടുകൂടി വളരെ ചേര്‍ന്നുപോകുന്നതാണ് പൌരസ്ത്യ ഓര്‍ത്തഡോക്സുകാരായ നമ്മുടെ വേദശാസ്ത്രവും നമ്മുടെ ആദ്ധ്യാത്മികതയും.
മലാഖി പ്രവചനത്തിന്റെ അവസാന ഭാഗത്ത് നമ്മള്‍ കാണുന്നുണ്ട്, "എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്മേല്‍ നിങ്ങളുടെ രോഗങ്ങള്‍ക്ക് മരുന്നുമായി ഉദിക്കും.'' ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണെന്നാണ് പിന്നീട് സഭാപിതാക്കന്മാര്‍ വ്യാഖ്യാനിച്ചത്. ഔഷധങ്ങള്‍ കൊണ്ടുവരുന്ന, നമുക്ക് സൌഖ്യദായകനായ നമ്മുടെ നീതിസൂര്യന്‍.
നമുക്ക് ഭൂമിയില്‍ എല്ലാ ജീവന്റെയും ഉറവിടമാണ് സൂര്യന്‍. സൂര്യനില്ലെങ്കില്‍ ഇവിടെ ജീവനില്ല. 48 മണിക്കൂര്‍ സൂര്യന്‍ ഉദിക്കാതിരുന്നാല്‍ സകല ജീവജാലങ്ങളും ചത്തുപോകും. സൂര്യന്റെ ചൂടും വെളിച്ചവുമാണ് സൌരോര്‍ജ്ജം (സോളാര്‍ എനര്‍ജി) എന്ന പേരില്‍ നാം വ്യവഹരിക്കുന്നത്. സൌരോര്‍ജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, വാസ്തവത്തില്‍ നമുക്കിതൊരു പുതുമയേയല്ല. യുഗങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്നതാണ് സൌരോര്‍ജ്ജം. നമ്മള്‍ നെല്ല് പുഴുങ്ങി ഉണക്കുന്നതും, കപ്പ വാട്ടി ഉണക്കുന്നതും, തുണി അലക്കി വിരിച്ച് ഉണക്കുന്നതുമെല്ലാം സൌരോര്‍ജ്ജം കൊണ്ടാണ്. അതുപോലെ നൂറുനൂറു കാര്യങ്ങള്‍ സൌരോര്‍ജ്ജം ഉപയോഗിച്ച് ചെയ്യുന്നുണ്ട്. പക്ഷേ, ഇത് ചിരപരിചിതമായതുകൊണ്ട് അതിന്റെ പ്രാധാന്യം നമ്മള്‍ മറന്നു പോകുകയാണ്.
നമുക്ക് ചുറ്റുമുള്ള മരങ്ങളുടെയും ചെടികളുടെയും അനുഭവം നോക്കണം. കോടാനുകോടി പച്ചിലകളാണ് അവയില്‍ ഉള്ളത്. അവയെല്ലാം സൂര്യനില്‍ നിന്നു നേരിട്ട് പ്രകാശവും ചൂടും സ്വീകരിച്ചുകൊണ്ട് ഭക്ഷണം ഉണ്ടാക്കുകയാണ്. പച്ചനിറമുണ്ടാക്കുന്നു, ക്ളോറോഫില്‍ ഉണ്ടാക്കുകയാണ്. ഈ പച്ചനിറം ഭൂമിയില്‍ ഇല്ലെങ്കില്‍ മനഷ്യന്‍ മാത്രമല്ല ഒരു പക്ഷിമൃഗാദികളും ഇവിടെ ജീവിച്ചിരിക്കുകയില്ല. ചെടികള്‍ക്ക് നേരിട്ട് ഭക്ഷണമുണ്ടാക്കാം. മനുഷ്യനുള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ചെടികളെ ആശ്രയിച്ചു മാത്രമേ ഭക്ഷണമുണ്ടാക്കാന്‍ സാധിക്കുകയുള്ളു എന്നതാണ് അതിന്റെ വ്യത്യാസം. ഹീരാരത്തന്‍ മനേക് എന്ന് പറയുന്ന ഒരാള്‍ (വടക്കേ ഇന്ത്യാക്കാരന്‍ ആണ്. നമ്മുടെ കോഴിക്കോട്ട് എഞ്ചിനിയറിംഗ് പഠിച്ചതാണ്. 77 വയസു കാണും) പാശ്ചാത്യരാജ്യങ്ങളിലൊക്കെ പ്രസിദ്ധനാണ്. അദ്ദേഹം പറഞ്ഞു, ചെടികള്‍ക്ക് മാത്രമല്ല, മനുഷ്യനും നേരിട്ട് സൂര്യനില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാം എന്ന്. അദ്ദേഹം 411 ദിവസങ്ങളോളം യാതൊരു ഭക്ഷണവും കഴിക്കാതെ ഉപവാസം എടുത്തു. ഏക ഭക്ഷണം സൂര്യന്റെ വെളിച്ചവും ശുദ്ധജലവുമാണ്. പ്രഗത്ഭ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നന്നായി നിരീക്ഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ നടന്ന സംഭവമാണ് ഇത്. ഇത് വലിയ അത്ഭുതമൊന്നുമല്ല. അദ്ദേഹം പറയുന്നത് ഇത് എല്ലാ മനുഷ്യര്‍ക്കും സാധിക്കും എന്നാണ്.
കുറെ നാളുകള്‍ക്കു മുമ്പ് ഞങ്ങള്‍ കുറച്ചുപേര്‍ കൈലാസത്തില്‍ പോയി. കൈലാസം എന്നു പറയുന്നത് ഇന്ത്യയിലൊന്നുമല്ല. നേപ്പാളും കടന്ന് ടിബറ്റും കടന്ന് ചൈനയുടെ അധീനതയിലാണ് ഭാരതീയരുടെ വിശുദ്ധ പര്‍വ്വതമായ കൈലാസം. 22000 അടി ഉയരത്തിലാണ്. അവിടെ ചെല്ലുമ്പോള്‍ ഓക്സിജന്‍ വളരെ കുറയും. വളരെ ബുദ്ധിമുട്ടാണ്. തണുപ്പ് വളരെയേറെയാണ്. പക്ഷേ, അവിടെ സൂര്യന്‍ ഉണ്ട്. അവിടെ മേഘത്തിന്റെ മറവല്ലാതെ യാതൊരു പുകയും പൊടിയുമില്ലാതെ ശുദ്ധമായ സൂര്യവെളിച്ചം. അതാണ് വാസ്തവത്തില്‍ നമ്മെ നിലനിര്‍ത്തുന്നത്. നമ്മുടെ വിശപ്പ് വളരെ കുറയും. അതിന്റെ അര്‍ത്ഥം, നമ്മള്‍ അറിയാതെ തന്നെ ഈ സൂര്യവെളിച്ചം കൊണ്ട് നമുക്ക് പോഷണം ലഭിക്കുന്നുണ്ട് എന്നുള്ളതാണ്. ആ യാത്രയില്‍ ഒരു പെന്തിക്കോസ്തി ദിവസമാണ് ഞങ്ങള്‍ മാനസസരോവറിന്റെ അടുത്ത് ചെന്നത്. കൈലാസത്തില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയാണ് മാനസസരോവര്‍. പുരാണ പ്രസിദ്ധമായ ശുദ്ധജല തടാകം. അതിന്റെ തീരത്ത് ദൈവത്തിന്റെ വലിയ കൃപ കൊണ്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ സാധിച്ചു. 16000 അടി ഉയരത്തില്‍. അവിടെ യാതൊരു കെട്ടിടങ്ങളോ ക്ഷേത്രങ്ങളോ ഒന്നുമില്ല. തുറന്ന ഭൂമിയില്‍ ഒരു ചെറിയ ടെന്റിന്‍കീഴിലാണ് അത് നടത്തിയത്. അത് ദൈവത്തിന്റെ വലിയ കൃപയാണ്. അവിടെയും സൂര്യനാണ് നമ്മെ സഹായിക്കുന്നത്. സൂര്യന്റെ ഊര്‍ജ്ജം നമ്മള്‍ സ്വീകരിക്കുകയാണ്. അപ്പോള്‍ ഇത്രമാത്രം സമൃദ്ധവും അനുപേക്ഷണീയവുമായ ഈ സൌരോര്‍ജ്ജം ദൈവം നമുക്ക് വലിയ ദാനമായി നല്‍കിയിരിക്കുമ്പോഴാണ്, ഇതാ ലോകം മുഴുവന്‍ ഊര്‍ജ്ജ പ്രതിസന്ധി എന്നു പറഞ്ഞ് എല്ലാവരും ബഹളം വയ്ക്കുകയും പാഞ്ഞു നടക്കുകയും ചെയ്യുന്നത്.
നമ്മുടെ കൊച്ചു കേരളം നല്ല ഉദാഹരണമാണ്. നമുക്കാര്‍ക്കും ഇനി വൈദ്യുതി ഇല്ലാതെ പുറകോട്ടു പോകാനായിട്ടു സാധിക്കുകയില്ല; ഒരു ജീവിതം സാദ്ധ്യമല്ല. പക്ഷേ, എന്താണ് നമ്മുടെ ഈ വൈദ്യുതി എന്ന ഊര്‍ജ്ജത്തിന്റെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. നദിയില്‍ അണകെട്ടി വെള്ളച്ചാട്ടമുണ്ടാക്കി ടര്‍ബണ്‍ കറക്കി നമ്മള്‍ വൈദ്യുതി ഉണ്ടാക്കുന്നു, ഇടുക്കിയില്‍. അല്ലെങ്കില്‍ ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരിയും ഡീസലും പെട്രോളുമൊക്കെ കത്തിച്ച് വെള്ളം തിളപ്പിച്ച് ആവിയുണ്ടാക്കി ആവിയില്‍ നിന്ന് പിന്നീട് ടര്‍ബണ്‍ കറക്കി വൈദ്യുതി ഉണ്ടാക്കുന്നു. അടുത്ത കാലത്തായിട്ട് ന്യൂക്ളിയര്‍ പരിവര്‍ത്തനം മൂലം ന്യൂക്ളിയര്‍ റിയാക്ടറിലൂടെ വൈദ്യുതി ഉണ്ടാക്കുന്നു. ഇവയുടെ പ്രശ്നങ്ങള്‍ പലതാണ്.
ഒന്നാമത്തെ പ്രശ്നം, ഈ വൈദ്യുത സ്രോതസ്സുകളെല്ലാം തന്നെ മാലിന്യമുണ്ടാക്കുന്നതാണ്. അതായത് നമ്മള്‍ പെട്രോളും ഡീസലും കല്‍ക്കരിയും കത്തിച്ച് ഒരു മുറിയിലെ ഒരു കൊച്ചു ബള്‍ബ് കത്തിക്കുമ്പോള്‍ ഒരു പതിനായിരം മുറികളില്‍ അന്ധകാരം ഉണ്ടാക്കാന്‍ കഴിവുള്ളതാണ് ഈ ഇന്ധനങ്ങള്‍ എന്ന് നാം അറിഞ്ഞിരിക്കണം. അന്തരീക്ഷ മലിനീകരണം അത്രയധികമാണ്. ന്യൂക്ളിയര്‍ റിയാക്ടര്‍ ആണെങ്കില്‍ ആയിരം പതിനായിരം വര്‍ഷങ്ങളോളം അതിന്റെ റേഡിയേഷന്‍ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കും. അടുത്തകാലത്ത് ജപ്പാനിലും അതിനു മുമ്പ് റഷ്യയിലെ ചേര്‍ണോബില്ലിലും അതിനും മുമ്പ് അമേരിക്കയിലെ തെയ്ബാന്‍ ഐലണ്ടിലും സംഭവിച്ചത് എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ക്കൊക്കെ അറിയാം. അതുകൊണ്ട് അതൊന്നുമല്ല നമുക്ക് ആശാസ്യമായ വൈദ്യുത സ്രോതസ്സുകള്‍. അണക്കെട്ടുകള്‍ നല്ലതാണെന്ന് പറയാം. പക്ഷേ, നര്‍മ്മദയില്‍ നടക്കുന്നതുപോലെ വലിയ അണക്കെട്ടുകള്‍ പരിസ്ഥിതിക്ക് വലിയ നാശം ചെയ്യുന്നു; പ്രത്യേകിച്ചും പാവപ്പെട്ട ആളുകള്‍ക്ക് ആണ് അതിന്റെ ഏറ്റവും വലിയ ആഘാതം ഏല്‍ക്കേണ്ടി വരുന്നത്. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് നിലവിലുള്ള എല്ലാ വൈദ്യുത സ്രോതസ്സുകളും കുഴപ്പമുള്ളതാണ്, മാലിന്യമുണ്ടാക്കുന്നതാണ് എന്നതാണ് പ്രധാനപ്പെട്ട സംഗതി.
രണ്ടാമതായിട്ട് ഇത്തരം ഊര്‍ജ്ജ സ്രോതസ്സുകളൊന്നും സുഖകരമല്ല, സുസ്ഥിരമല്ല. ഇംഗ്ളീഷില്‍ സസ്റൈനബിള്‍ എന്നുള്ള വാക്ക് പരിസ്ഥിതി ചര്‍ച്ചയോട് ചേര്‍ന്ന് ധാരാളം ഉപയോഗിക്കുന്നുണ്ട്. ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്നതും ഭാവി തലമുറകള്‍ക്ക് യാതൊരു ദോഷവും ചെയ്യാത്തതും നമ്മുടെ പരിസ്ഥിതിയുടെ ആവാസവ്യവസ്ഥയ്ക്ക് താങ്ങാവുന്നതുമായ സംഗതിയാണ് നമ്മള്‍ സസ്റൈനബിള്‍ എന്നു പറയുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഉള്ള ഊര്‍ജ്ജ സ്രോതസ്സുകളൊന്നും സസ്റൈനബിള്‍ അല്ല, ദീര്‍ഘകാലത്തേക്ക് ഭാവിക്ക് ദോഷം ചെയ്യാതെ, ആവാസവ്യവസ്ഥയ്ക്ക് താങ്ങാവുന്നവയല്ല ഇവ ഒന്നും തന്നെ എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.
ഇപ്പോള്‍ ടൌമെേശിമയഹല ഉല്ലഹീുാലി, ടൌമെേശിമയഹല അൃരവശലേരൌൃല, ടൌമെേശിമയഹല ഹശളല ്യഹല എന്നൊക്കെ ഏതിനും സസ്റൈനബിള്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നു നാം അറിഞ്ഞിരിക്കണം. സുസ്ഥിരമായ, സുഭദ്രമായ ദീര്‍ഘകാലയളവിലുള്ള ഒരു ഊര്‍ജ്ജ സ്രോതസ്സാണ് നമുക്ക് ആശാസ്യമായിട്ടുള്ളത്.
മൂന്നാമതായിട്ട്, നമ്മുടെ ഈ സ്രോതസ്സുകള്‍ എല്ലാം തന്നെ വറ്റിപ്പോകുന്നവയാണ്. എണ്ണയും വെള്ളവും വറ്റിപ്പോകും. നമ്മുടെ കേരളത്തിലുള്ളവരെല്ലാം നോക്കുന്നത് ഇപ്പോള്‍ ഇടുക്കിയിലേക്കാണ്. ഇടുക്കിയില്‍ മഴ പെയ്യുന്നുണ്ടോ, തടാകത്തില്‍ വെള്ളം പൊങ്ങുന്നുണ്ടോ എന്ന് നമ്മള്‍ എല്ലാവരും വേഴാമ്പലിനെപ്പോലെ കിഴക്കോട്ട് നോക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ പത്രങ്ങളില്‍ നമ്മള്‍ നോക്കുന്നു, എണ്ണയ്ക്ക് വില കൂടുന്നുണ്ടോ എന്ന്. എണ്ണയ്ക്ക് വില കൂടിയാല്‍ വണ്ടി ഓടുന്നതിന്റെ പ്രശ്നം മാത്രമല്ല, എല്ലാറ്റിനും വില കൂടുകയാണ് എന്ന് നാം അറിഞ്ഞിരിക്കണം. ഇടുക്കിയില്‍ വെള്ളം വറ്റിക്കൊണ്ടിരിക്കും, എണ്ണയുടെ വില കൂടിക്കൊണ്ടിരിക്കും. ഇത് നമുക്ക് ഒഴിഞ്ഞുമാറാനാവാത്ത ഒരു അവസ്ഥയാണ്. അതുകൊണ്ട് നമ്മള്‍ പുതിയ ഒരു വൈദ്യുത സ്രോതസ്സിലേക്ക് നിര്‍ബന്ധമായും തിരിയേണ്ടിയിരിക്കുന്നു.
കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നുണ്ട്, തിരമാലകളില്‍ നിന്നുണ്ട്; സൂര്യനില്‍ നിന്നുണ്ട്. പക്ഷേ, ഇതുവരെ കണ്ടിടത്തോളം സൂര്യനില്‍ നിന്നുള്ളതായ ഊര്‍ജ്ജശേഖരണമാണ് ഏറ്റവും നന്നായിട്ട് കാണുന്നതും ധാരാളം ലഭിക്കുന്നതും എളുപ്പമുള്ളതും. പക്ഷേ, സാങ്കേതികമായ ചില പ്രശ്നങ്ങള്‍ ഉണ്ട്. സൌരോര്‍ജ്ജം സംഭരിച്ചു വയ്ക്കാനുള്ള ബാറ്ററിയുടെ സംവിധാനം വളരെ ചെലവേറിയതാണ്. പക്ഷേ, ഒരു കാര്യം വളരെ വ്യക്തമാണ്. ഗവേഷണം നടക്കുന്നുണ്ട്, ബാറ്ററി കൂടാതെ തന്നെ നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പവര്‍ ഗ്രിഡ്ഡിലേക്ക് സൌരോര്‍ജ്ജം കൊടുക്കാനും തിരിച്ചെടുക്കാനും സാധിക്കുന്ന അവസ്ഥ അധികം താമസിക്കാതെ വരും. അതുകൊണ്ട് ഇതിന്റെ ചിലവ് വളരെ കുറയുകയും ചെയ്യും.
ഭീമമായ ലാഭമെടുക്കുന്ന എണ്ണകമ്പനികളും തുടരെത്തുടരെ ലക്ഷോപലക്ഷം വാഹനം പുറത്തിറക്കുന്ന വാഹന കമ്പനികളുമാണ് പ്രധാനമായും സൌരോര്‍ജ്ജ സംബന്ധമായ ഗവേഷണം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായ ശക്തികള്‍. അവരുടെ ലാഭം നഷ്ടപ്പെടാന്‍ അവര്‍ക്ക് താല്‍പര്യമില്ല. പക്ഷേ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് സൌരോര്‍ജ്ജ പരീക്ഷണങ്ങള്‍ പുരോഗമിക്കും. കാരണം അത് പഴയ ഊര്‍ജ്ജ സ്രോതസ്സാണ്. അത് ദൈവം നല്‍കിയിരിക്കുന്നതാണ്. അതിനെ തടയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.
ഇപ്പോഴത്തെ നമ്മുടെ സംസ്കാരത്തെ കാര്‍ബണ്‍ സംസ്കാരമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അതായത് നമ്മുടെ വ്യവസായങ്ങളും നമ്മുടെ വാഹനങ്ങളും എല്ലാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ അടങ്ങിയ വസ്തുക്കള്‍, വാതകങ്ങള്‍ നമ്മുടെ ഭൂമിയെ ചൂടുപിടിപ്പിക്കുകയാണ്. അതാണ് ഗ്ളോബല്‍ വാമിംഗ് എന്നൊക്കെ പറയുന്നത്. ഭൂമിയുടെ ചൂട് എല്ലായിടത്തും കൂടിക്കൊണ്ടിരിക്കുകയാണ്. നമുക്ക് തന്നെ കേരളത്തില്‍ അത് അറിയാം. അതുപോലെ തന്നെ നമ്മുടെ കാലാവസ്ഥയെ പൂര്‍ണ്ണമായും മാറ്റിക്കളയുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെയെല്ലാം മൂലകാരണം കാര്‍ബണ്‍ ആണ് എന്ന് ഐക്യരാഷ്ട്ര സംഘടനയും മറ്റും തിരിച്ചറിഞ്ഞിട്ട് ലോകത്തിലുള്ള എല്ലാ രാഷ്ട്രങ്ങളെയും വിളിച്ച് പല ഉച്ചകോടികള്‍ നടത്തി. അവിടെയൊക്കെ അവര്‍ ആവശ്യപ്പെടുന്നത്, വ്യാവസായിക രാഷ്ട്രങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാര്‍ബണ്‍ വാതകത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കണം എന്നാണ്. പക്ഷേ, ആരും കേള്‍ക്കുന്നില്ല, പ്രത്യേകിച്ചും അമേരിക്ക പോലുള്ള വന്‍കിട രാഷ്ട്രങ്ങള്‍ ഒട്ടുമേ കേള്‍ക്കുന്നില്ല. അവരുടെ ധാരാളിത്തം കലര്‍ന്ന ഉപഭോഗ ജീവിതശൈലിയുടെ ഭാഗമായിട്ട് ധാരാളം കാര്‍ബണ്‍ വാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് പോകുന്നത്. അത് അന്തരീക്ഷത്തെ മലിനമാക്കുക മാത്രമല്ല, ഓസോണ്‍ പാളികളെ തകര്‍ക്കും, ഭൂമിയെ ചൂടുപിടിപ്പിക്കും, നമ്മുടെ കാലാവസ്ഥയെ മുഴുവന്‍ തകിടം മറിക്കുകയും ചെയ്യും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്ത്യയും നമ്മുടെ അയല്‍പക്കമായ ചൈനയും അതേ മാതൃകയാണ് പിന്തുടരുന്നത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്നാണ് ചൈനയും ഇന്ത്യയും കൂടുമ്പോള്‍. നമ്മളും ആ മാര്‍ഗ്ഗം അവലംബിച്ചാല്‍ അത് ഈ ഭൂമിയുടെയും മനുഷ്യവര്‍ഗ്ഗത്തിന്റെയും സകല ജീവജാലത്തിന്റെയും അവസാനമാണെന്നും നമ്മള്‍ അറിഞ്ഞിരിക്കണം.
മതങ്ങള്‍ ആണെങ്കിലും രാഷ്ട്രീയ സംഘടനകള്‍ ആണെങ്കിലും വലിയ വലിയ വാഹന ജാഥകളും വിളംബര ജാഥകളും വാഹനതീര്‍ത്ഥാടനങ്ങളും (അത് വേളാങ്കണ്ണിയിലാണെങ്കിലും ശബരിമലയിലാണെങ്കിലും പരുമലയിലാണെങ്കിലുമൊക്കെ) പ്രോത്സാഹിപ്പിക്കുകയാണ്. നമ്മളുടെ തീര്‍ത്ഥാടനങ്ങള്‍ എന്തുമാത്രം അന്തരീക്ഷത്തില്‍ മലിനീകരണം ഉണ്ടാക്കുന്നു! ആന്തരിക വിശുദ്ധിക്കുവേണ്ടിയാണ് നാം പോകുന്നത്. പക്ഷേ, അത് ബാഹ്യമായ ഈ ലോകത്തെ മുഴുവന്‍ മലിനമാക്കുന്നു എന്നുള്ളത് നമ്മള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ട് തീര്‍ത്ഥാടനങ്ങള്‍ പോലെയുള്ളവയുടെ വിശുദ്ധി നമ്മള്‍ വീണ്ടെടുക്കണം. തീര്‍ത്ഥാടനങ്ങള്‍ അതിന്റെ വിശുദ്ധിയിലേക്ക് തിരിച്ചുപോകണം. അന്തരീക്ഷത്തെ നമ്മള്‍ മലിനമാക്കരുത്.
നമ്മുടെ കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ മുഴുവന്റെയും ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് ഏക പരിഹാരം ഇപ്പോള്‍ സൌരോര്‍ജ്ജമാണെന്നാണ് അറിവുള്ളവര്‍ പറയുന്നത്. നമുക്കറിയാം, നമ്മളുടെ പള്ളികള്‍ മിക്കവാറും തന്നെ ഉയര്‍ന്ന സ്ഥലങ്ങളിലാണ്. പള്ളികള്‍ നല്ല ഉയരത്തിലാണ് പണിയുന്നതും. അതുകൊണ്ട് ഒരു വര്‍ഷത്തിലെ ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാ ദിവസവും നമുക്ക് സമൃദ്ധമായ സൂര്യവെളിച്ചം ഉണ്ട്. ഈ സൂര്യന്റെ പ്രകാശം ഉപയോഗിച്ച് നമ്മള്‍ക്ക് അത്യാവശ്യമുള്ള വിളക്കുകള്‍ കത്തിക്കാനായിട്ട് സാധിക്കും. നമുക്ക് ഒരു വലിയ സന്തോഷമുണ്ട്. കോട്ടയം ഭദ്രാസനത്തിന്റെ ഒരു പ്രധാന കേന്ദ്രമായ ഞാലിയാകുഴി ബസേലിയോസ് ദയറായില്‍ അഭിവന്ദ്യ ഈവാനിയോസ് തിരുമേനി സൌരോര്‍ജ്ജ സംവിധാനം ഏര്‍പ്പാട് ചെയ്തു. ഇവിടെയും അത് തുടങ്ങിക്കഴിഞ്ഞു എന്നുള്ളത് വലിയ മാതൃകാപരമായ സംഗതിയാണ്.
നമ്മള്‍ സ്വപ്നമയമായ കാര്യങ്ങളിലേക്ക് അധികം പോകാതെയിരിക്കണം. ഇത് പ്രായോഗികമായ ഒരു സംഗതിയാണ്. നമ്മുടെ കുറെ പള്ളികളില്‍ അച്ചന്മാരും കൈക്കാരന്മാരും പള്ളിഭരണസമിതിയും ഒരുമിച്ച് തീരുമാനമെടുക്കണം. കാരണം, നമ്മുടെ സമ്പത്തുള്ള പള്ളികളില്‍ മനുഷ്യന് യാതൊരു ആവശ്യവുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് ദുഃഖത്തോടെ നമ്മള്‍ തിരിച്ചറിയണം. ഒരു ആവശ്യവും ഉള്ള കാര്യങ്ങളല്ല. പ്രകൃതിയെ നശിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാരണം പള്ളിക്ക് പണമുണ്ട്, ആ പണം ഉപയോഗിക്കാനായിട്ട് നമ്മള്‍ തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കുന്നു. ഇതാണ് പ്രധാനപ്പെട്ട സംഗതിയെന്നു തിരിച്ചറിഞ്ഞുകൊണ്ട്, ആദ്യം കുറച്ചു പണം ചിലവുണ്ടെങ്കിലും ആത്യന്തികമായിട്ട് നമുക്ക് പ്രയോജനം ചെയ്യുക മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും അത് പ്രയോജനം ചെയ്യും. നല്ല മാതൃക നമുക്ക് കാണിക്കാനും സാധിക്കും.
നാം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ദൈവത്തിന്റെ മഹാദാനങ്ങളെക്കുറിച്ച് സൃഷ്ടിയില്‍ നമുക്ക് നല്‍കിയിരിക്കുന്ന മഹാദാനങ്ങളെക്കുറിച്ച് നമ്മള്‍ നന്ദിയോടെ ഓര്‍ക്കുകയും ദൈവത്തെ സ്തുതിക്കുകയും അത് സകല ജീവജാലങ്ങളുടെയും ഉപയോഗത്തിനായിട്ട് നമ്മള്‍ സമര്‍പ്പിക്കുകയും ചെയ്യണം.
13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസ്സീസ്സിയിലെ ഫ്രാന്‍സിസിന്റെ അതിമനോഹരമായ ഒരു പ്രാര്‍ത്ഥന ഉണ്ട്. ആ പ്രാര്‍ത്ഥന ഒരു ഗീതമാണ്. സൃഷ്ടികളുടെ ഗാനം എന്നു വേണമെങ്കില്‍ പറയാം. അതില്‍ സൂര്യനെക്കുറിച്ചുള്ളതു മാത്രം ഞാനൊന്നു സൂചിപ്പിച്ചുകൊണ്ട് എന്റെ എളിയ വാക്കുകള്‍ അവസാനിപ്പിച്ചുകൊള്ളാം. അദ്ദേഹം സൂര്യനെ നോക്കി പ്രാര്‍ത്ഥിക്കുകയാണ്:
"കര്‍ത്താവായ ദൈവമേ, നിന്റെ സകല സൃഷ്ടികള്‍ക്കും വേണ്ടി നിനക്കു ഞങ്ങള്‍ സ്തുതി പാടുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ പ്രിയങ്കരനായ സഹോദരന്‍ സൂര്യനു വേണ്ടി നിനക്ക് സ്തോത്രം. അവന്‍, അവന്റെ പകലിലൂടെ ഞങ്ങള്‍ക്കു വെളിച്ചം തരുന്നു. അവന്‍ അതീവ സുന്ദരനും മഹാശോഭയുള്ളവനുമാണ്. അത്യുന്നതനായ ദൈവമേ, നിന്റെ മഹനീയമായ തേജസ്സിന്റെ സാദൃശ്യമാണ് അവന്‍ വഹിക്കുന്നത്.''
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
(2013 ഏപ്രില്‍ 5-ന് പാമ്പാടി ദയറായില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രഭാഷണം)

Tell a Friend

2 comments

  • Comment Link JOHN C.J. Friday, 05 July 2013 18:14 posted by JOHN C.J.

    മലയാളത്തിൽ ഒരു ചൊല്ലുണ്ട് "ചെറിയവൻ പറഞ്ഞാൽ ചെവിയിൽ പോകില്ല". രാഷ്ട്രീയ ക്കാരും കോർപ്പറേറ്റ് തലവന്മാരും തീരുമാനിച്ചാൽ നടപ്പാകും.

  • Comment Link ഫാ. ജോണ്‍ സഖറിയാ Tuesday, 07 May 2013 06:54 posted by ഫാ. ജോണ്‍ സഖറിയാ

    സത്യം! പക്ഷെ ആരും അത് കേള്‍ക്കാന്‍ ശ്രമിക്കുന്നില്ല. ശ്രദ്ധിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം!!

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3