Sunday ,October 22, 2017 9:17 PM IST

HomeFeatured Newsചെറിയപള്ളിയുടെ വലിയ മാതൃക

ചെറിയപള്ളിയുടെ വലിയ മാതൃക

Written by

Published: Friday, 19 May 2017

  • Click to email
  • Rate This Article
    (1 Vote)
ചെറിയപള്ളിയുടെ വലിയ മാതൃക
പാലായില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഒരു ദേവാലയം അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നു എന്ന കാര്യം അത്യധികം കൗതുകത്തോടെയാണ് മനസ്സിലാക്കിയത്. ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യമുള്ള ഒരു മേഖലയായി പാലായെ കാണാത്തതു കൊണ്ടാണീ കൗതുകമെന്നു വ്യക്തമാക്കുകയാണ്. കോട്ടയം ഭദ്രാസനത്തിലെ ഏറ്റവും ചെറിയൊരു ഇടവകയാണെങ്കിലും അരുണാപുരുത്തെ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം നമ്മുടെ വലിയ പള്ളികള്‍ക്കു ഒരു വലിയ മാതൃകയാണെന്നു എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. ഈ ദേവാലയത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ ഒരു അതിഥിയായി ചെന്നപ്പോള്‍ എന്നെ ആകര്‍ഷിച്ച ഒരുകാര്യം അവിടെ ആരംഭിച്ചിരിക്കുന്ന സ്റ്റുഡന്‍റ് സെന്‍ററാണ്. സാഹചര്യവും സന്ദര്‍ഭവുമനുസരിച്ചു സഭ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് ഒരു ചെറിയ ഇടവക കാട്ടിത്തരുന്ന മാതൃകയും സൂചനയും കൂടിയാണിത്.
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഞാന്‍  സഭാസപര്യയുടെ സരണിയിലേക്കു കടന്നു വന്നത്. അതിനു എനിക്കു പ്രചോദനമായതു തിരുവനന്തപുരത്തും കോട്ടയത്തും വിദ്യാര്‍ത്ഥി പ്രസ്ഥാനം നടത്തിവരുന്ന സ്റ്റുഡന്‍റ് സെന്‍ററുകളില്‍ അന്നു നടത്തിയ പ്രവര്‍ത്തനങ്ങളാണ്. കോളജുകളില്‍ പഠനത്തിനു എത്തുന്ന കൗമാരക്കാരായ കുട്ടികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നതില്‍ നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഒരു കാലത്തു ജാഗ്രത പുലര്‍ത്തിയിരുന്നു. അതിന്‍റെ ഫലം അവര്‍ക്കു മാത്രമല്ല സഭയ്ക്കും സമൂഹത്തിനും ഉണ്ടായിട്ടുണ്ട്. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ മാത്രമല്ല ആത്മീയവും മാനസികവുമായ കാര്യങ്ങളിലും വിദ്യാര്‍ത്ഥി പ്രസ്ഥാനം പണ്ട് ശ്രദ്ധ ചെലുത്തിയിരുന്നു.
 
വിദ്യാര്‍ത്ഥികളുടെ പഠനത്തിലും വ്യക്തിത്വ രൂപീകരണത്തിലും ആത്മീയമായ വളര്‍ച്ചയിലും സഭയുടെ പങ്കാളിത്തം ഉറപ്പാക്കിയില്ലെങ്കില്‍ ഉത്തമ പൗരന്മാരെ സമൂഹത്തിനു പ്രദാനം ചെയ്യാന്‍ നമ്മള്‍ പരാജയപ്പെടും എന്നു മാത്രമല്ല സഭയ്ക്കു തന്നെ അതിന്‍റെ മുന്നോട്ടുള്ള പ്രയാണം അസാധ്യമായി വരുന്ന ഒരു കാലം ഉണ്ടാകുമെന്നും എനിക്കു ആശങ്കയുണ്ട്. ധൈഷണികമായി വളരുന്ന ഒരു പുതിയ തലമുറ മാത്രമല്ല സഭയില്‍ നിന്നും അങ്കുരിക്കേണ്ടത്. ആത്മീയ ബോധമുള്ള ഒരു തലമുറയെയാണ് സഭ വാര്‍ത്തെടുക്കേണ്ടത്. പള്ളിപ്പെരുന്നാളും ശ്രാദ്ധപ്പെരുന്നാളും കരിമരുന്നു പ്രയോഗവും നടത്തി പുതിയ തലമുറയെ സഭാപാരമ്പര്യത്തിലേക്കു വാര്‍ത്തെടുക്കാന്‍ കഴിയില്ലെന്നു ഇനിയെങ്കിലും സഭ മനസ്സിലാക്കണം. അങ്ങനെ ഒരു തിരിച്ചറിവാണ് പാലായിലെ മാര്‍ ഈവാനിയോസ് ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍റര്‍ നമുക്കു നല്‍കുന്നത്.
മീനച്ചിലാറിന്‍റെ തീരത്തു ആ നദിയുടെ പേരില്‍ത്തന്നെയുള്ള ഒരു താലൂക്കിലെ ഒരു ചെറുപട്ടണമാണ് പാലാ. കൃത്യമായി പറഞ്ഞാല്‍ 15.93 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഒരു പട്ടണം. ഇവിടെ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങള്‍ സംഖ്യയില്‍ ഇപ്പോള്‍ കുറവാണെങ്കിലും അവിഭക്ത മലങ്കരസഭയില്‍ പാലായ്ക്കു ഒരു മാര്‍ത്തോമ്മാ പാരമ്പര്യമുണ്ടെന്നു പറയാതെ വയ്യ. മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥാപിതമായതാണ് പാലായിലെ വലിയപള്ളി. സുറിയാനി ക്രിസ്ത്യാനി വാണിജ്യത്തിലും കൃഷിയിലും പുലര്‍ത്തിയിരുന്ന ആധിപത്യം അവരുടെ ഈ ദേവാലയസ്ഥാപനത്തിനു ഒരു കാരണമാണ്. 
ഉദയംപേരൂര്‍ സുന്നഹദോസ് കാലത്തു പാലാ പള്ളിയിലെ പ്രതിനിധികളും പങ്കെടുത്തതായി രേഖയുണ്ടല്ലോ. എന്നാല്‍ പാലായില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശക്തി ക്ഷയിച്ചുതുടങ്ങിയതു പതിനെട്ടാം നൂറ്റാണ്ടു മുതലാണെന്നു തോന്നുന്നു. കൂനന്‍കുരിശ് സത്യത്തെ പിന്തുണച്ച മലങ്കര നസ്രാണികളുടെ നാടാണ് പാലായെങ്കിലും പില്‍ക്കാലത്തു വിദേശ മിഷനറിമാരുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാലാ അരങ്ങൊരുക്കിചെന്നു ചരിത്രം നയിക്കുന്നുണ്ട്. മലങ്കര നസ്രണികളുടെ ദുര്‍ബ്ബലമായ നേതൃത്വത്തിന്‍റെ ഒരു തിക്തഫലമാണ് പാലായുടെ മലങ്കര സുറിയാനി പാരമ്പര്യത്തിനു ഉണ്ടായ ദൗര്‍ബല്യമാണെന്നു നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പാരമ്പര്യം ദുര്‍ബ്ബലപ്പെട്ടതിനു ചില രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിട്ടുണ്ട്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ പാലാ റോമന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍ വളര്‍ന്നു വന്ന കാഴ്ച നാം കാണുന്നുണ്ടെങ്കിലും പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയാണ് ഈ മണ്ണില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സാന്നിധ്യത്തിനു വീണ്ടും വഴിയൊരുക്കിയത്. 1950-ലാണ് പാലായില്‍ സെന്‍റ് തോമസ് കോളജ് ആരംഭിച്ചതെങ്കിലും1935 മുതല്‍ നമ്മുടെ വിശ്വാസികളുടെ സാന്നിധ്യം പാലായില്‍ ഉണ്ട്. 1945-ല്‍ പാലായില്‍ സഭയ്ക്കു സ്വന്തമായി ഒരു ആരാധനാ കേന്ദ്രം ഉണ്ടായെങ്കിലും അവിടെ ആരാധന മുടങ്ങുകയും പിന്നീട് ആ സ്ഥലം വിറ്റ പണം കൊണ്ട് പാലായില്‍ തന്നെ മറ്റൊരിടത്തു സ്ഥലം വാങ്ങുകയും ചെയ്തിരുന്നു.
 
ഈ ചരിത്രം വിവരിക്കുന്നതു ഇപ്പോള്‍ അരുണാപുരത്തു പ്രവര്‍ത്തിക്കുന്ന സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ പ്രസക്തിയെപ്പറ്റി പറയാനാണ്. 1961-ല്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഉത്സാഹത്താലാണ് നമ്മുടെ സഭയുടെ പതിവായ ആരാധന പാലായില്‍ തുടങ്ങുന്ന്. 1964-ല്‍ മുണ്ടുപാലത്തിനു സമീപം ഉണ്ടായിരുന്ന സ്ഥലം വില്പന നടത്തി ഇപ്പോള്‍ ദേവാലയം സ്ഥാപിച്ചിരിക്കുന്ന സ്ഥലം വാങ്ങി. 1967-ലാണ് അരുണാപുരത്തുള്ള ദേവാലയത്തില്‍ ആരാധന തുടങ്ങിയത്. ജോലി സംബന്ധമായി പാലായില്‍ താമസിക്കുന്ന സഭാ വിശ്വാസികളെക്കാള്‍ പഠനത്തിനായി താമസിക്കുന്നവരാണ് ഇവിടെ ഏറെയുള്ളത്. ഇപ്പോള്‍ പാലാ പള്ളിയില്‍ 23 കുടുംബങ്ങള്‍ മാത്രമെ അംഗങ്ങള്‍ ആയിട്ടുള്ളു. പള്ളിക്കു സ്വന്തമായി പതിനഞ്ച് സെന്‍റ് സ്ഥലമുണ്ട്. എല്ലാ ഞായറാഴ്ചയും ഇവിടെ വി. കുര്‍ബ്ബാനയുണ്ട്. എല്ലാ ആത്മീയ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
സുവര്‍ണ്ണജൂബിലിയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സാധുവിന് ഭവന നിര്‍മ്മാണത്തിനായി സ്ഥലം നല്‍കിയതുള്‍പ്പെടെ വിവിധ ജീവകാരുണ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക    നടപ്പിലാക്കി. എന്നാല്‍ ഇടവകയുടെ നാല് അതിരുകള്‍ക്കപ്പുറം സഭയുടെ പൊതുനന്മയ്ക്കായി പുതിയ തലമുറയെ നേടുവാന്‍ തക്കവണ്ണം ഈ ഇടവക ആരംഭിച്ച സ്റ്റുഡന്‍റ്സ് സെന്‍റര്‍ ആണ് എന്നെ ഏറെ ആകര്‍ഷിച്ചത്.  പാലായില്‍ വിദ്യാഭ്യാസത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഭയോട് ചേര്‍ന്ന് വളരുന്നതിന് ഒരു കേന്ദ്രം എന്ന പദ്ധതി വികാരി ഫാ. അലക്സ് ജോണ്‍ ആവിഷ്ക്കരിക്കുകയും ഇടവക ജനങ്ങളുടെ കൈത്താങ്ങലോടെ അനുഗ്രഹകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല.
 
കേരളത്തിലും പുറത്തും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠനത്തിനെത്തുന്ന ഓര്‍ത്തഡോക്സ് സഭയിലെ കുട്ടികള്‍ പല സ്ഥലങ്ങളിലും സഭയില്‍ നിന്നു അകന്നു പോകുന്ന കാഴ്ചയാണിന്ന് കാണുന്നത്. അവരെ സഭയുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും അവരുടെ പഠനത്തിന് മാനസികവും ആത്മീയവുമായ പിന്തുണ നല്‍കുന്നതിനും നമ്മുടെ ഓരോ പ്രദേശത്തിലും ദേവാലയങ്ങള്‍ക്കു കഴിയുന്നില്ല. സഭയുടെ ശ്രദ്ധ മറ്റ് ഭൗതിക കാര്യങ്ങളില്‍ മാത്രം വ്യാപരിച്ചുവരുന്ന ഈ കാലത്തു കേരളത്തിലെ ഒരു 'വിദ്യാഭ്യാസ ഹബ്ബ്' ആയി മാറിയിരിക്കുന്ന പാലായില്‍ നമ്മുടെ ഒരു സ്റ്റുഡന്‍റ്സ് സെന്‍റര്‍ സമാരംഭിച്ചിരിക്കുന്നതു വലിയൊരു കാല്‍വെയ്പാണ്. നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ദേവാലയങ്ങള്‍ ഇതൊരു മാതൃകയാക്കേണ്ടതാണ്. പാലായില്‍ എന്‍ട്രന്‍സ് പരിശീലനത്തിനും, ബിരുധ -എഞ്ചിനീയറിംഗ്- സിവില്‍സര്‍വീസ് കോച്ചിംഗിനും  മറ്റും എത്തുന്ന കുട്ടികള്‍ക്കുള്ള പഠന സംഘര്‍ഷങ്ങള്‍ അകറ്റാനും അവര്‍ക്കു ഫലപ്രദമായ മാര്‍ഗദര്‍ശനം നല്‍കാനും ഉതകുന്നതാണീ കേന്ദ്രം. കുട്ടികള്‍ക്കു ആത്മീയവും കൗദാശികവുമായ ശുശ്രഷകള്‍ അതാതു സന്ദര്‍ഭങ്ങളില്‍ ലഭ്യമാക്കേണ്ടതുണ്ട്. കോട്ടയം ഭദ്രാസനാധിപനായിരുന്ന ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്‍റെ നാമത്തില്‍ ആരംഭിച്ചിരിക്കുന്ന സ്റ്റുഡന്‍റ്സ് സെന്‍ററില്‍ പ്രമുഖരായ കൗണ്‍സലിങ്ങ് വിദഗ്ധരുടെ നേതൃത്വത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള സെമിനാര്‍, ശില്പശാല, പരീക്ഷഒരുക്കത്തിനുള്ള ധ്യാനം എന്നിവ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള പ്രബോധനങ്ങള്‍ക്കും പരിപാടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ ആരാധനയ്ക്കും വിശ്വാസത്തിനും പ്രബോധനത്തിനും വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലുള്ള സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഈ മഹത്തായ സ്ഥാപനത്തിനു കഴിയുമെന്നു പ്രതീക്ഷിക്കാം.
 
നമ്മുടെ സഭ വളര്‍ച്ചയുടെ വഴിത്തിരിവിലെത്തി നില്‍ക്കുന്ന ഇക്കാലത്തു പാലായുടെ മണ്ണില്‍ മലങ്കര സഭയുടെ ശക്തമായ സാന്നിധ്യം നൂതനമായ ആശയങ്ങളിലൂടെ അരക്കിട്ടുറപ്പിക്കാന്‍ അരുണാപുരം പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിരികരിക്കുന്നു. പാരമ്പര്യം കൊണ്ടും ചരിത്രം കൊണ്ടും ഊറ്റം കൊള്ളാന്‍ കഴിയുമെങ്കിലും പുതിയ തലമുറയുടെ ബുദ്ധിയും അറിവും സഭയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചക്കും വികസനത്തിനും ഉതകണമെങ്കില്‍ സഭയുടെ പ്രവര്‍ത്തന പദ്ധതികളില്‍ സഭയുടെ പുതിയ തലമുറയ്ക്ക് പരിഗണന നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു.
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.