Monday ,October 23, 2017 10:44 PM IST

HomeCatholicate SpecialsSaintsവി.ഗീവര്‍ഗ്ഗീസ് സഹദാ
Error
  • JUser: :_load: Unable to load user with ID: 857

വി.ഗീവര്‍ഗ്ഗീസ് സഹദാ

Written by

Published: Thursday, 11 April 2013

വി.ഗീവര്‍ഗ്ഗീസ് സഹദാ

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദാ

ജീവചരിത്ര സംഗ്രഹം

. കപ്പദോക്യയില്‍ ജനിച്ചു. ( ഇപ്പോഴത്തെ തുര്‍ക്കി )
. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
. പിന്നീട് പാലസ്തീനിലേക്ക് വന്നു.
. ഒരു റോമന്‍ പടയാളിയായിരുന്നു
. ക്രിസ്ത്യാനികള്‍ക്ക് എതിരേയുളള റോമാ പീഡനത്തിനെതിരെ പ്രതികരിച്ചു.
. പീഡിപ്പിക്കുകയും, ജയിലിലടയ്ക്കപ്പെടുകയും ചെയ്തു എന്നാല്‍ സത്യവിശ്വാസത്തില്‍ ഉറച്ചുനിന്നു.
. പാലസ്തീനില്‍ (LYDDA)  വച്ച് ശിരഛേദം ചെയ്തു.
. 1222 ഏപ്രില്‍ 21 സെന്റ് ജോര്‍ജ്ജ് ദിനം ലോകമെമ്പാടും അറിയപ്പെട്ടു.

ആരായിരുന്നു വി. ഗീവര്‍ഗ്ഗീസ് സഹദാ

കപ്പദോക്യയില്‍ ജനിക്കുകയും മൂന്നാം നുറ്റാണ്ടില്‍ ജീവിച്ചിരിക്കുകയും ചെയ്തിരുന്ന ഒരു വിശുദ്ധനായിരുന്നു വി. ഗീവര്‍ഗ്ഗീസ് സഹദാ. റോമന്‍ പട്ടാളത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നാലാം നൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തില്‍( 245-313 ഏ.ഡി ) അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ഡയോക്ളീഷന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ കടുത്ത പീഡനങ്ങള്‍ അഴിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ ഉന്നത ഉദ്ദ്യോഗസ്ഥനായിരുന്ന ഗീവര്‍ഗ്ഗീസ് ശബ്ദമുയര്‍ത്തി. ഇത് ചക്രവര്‍ത്തിക്ക് ഗീവര്‍ഗ്ഗീനോട് കടുത്ത വിരോധമുണ്ടാകുവാന്‍ കാരണമായി. ഡയോക്ളീഷന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ തുറങ്കിലടയ്ക്കുകയും കടുത്ത പീഡനത്തിന് വിധേയമാക്കുകയും ചെയ്തു. മാംസം നുറുങ്ങുന്ന വേദനയില്‍ പോലും അദ്ദേഹം സത്യവിശ്വാസത്തിനു വേണ്ടി നിലകൊണ്ടു. ഒടുവില്‍ പാലസ്തീനിലെ ഡയോസ്പോളീസ് എന്ന തെരുവിലൂടെ നിര്‍ദ്ധയം വലിച്ചിഴച്ചുകൊണ്ടുപോയി പാലസ്തീനിലെ ലിഡ്ഡ എന്ന സ്ഥലത്ത് വച്ച് അദ്ദേഹത്തെ ശിരഛേദം ചെയ്തു. ഈ സംഭവത്തിനു ശേഷം ഡയോക്ളീഷന്‍ ചക്രവര്‍ത്തിയുടെ ഭാര്യ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. വി. ഗീവര്‍ഗ്ഗീസിന്റെ കാലശേഷം ലോകമെമ്പാടും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ അനേകം അത്ഭുതങ്ങള്‍ നടക്കുവാന്‍ തുടങ്ങി. കാലാന്തരത്തില്‍ അദ്ദേഹം ജനഹ്യദയങ്ങളില്‍ അനേകര്‍ക്ക് അഭയമരുളുന്ന ഒരു വിശുദ്ധനായി മാറി.

വിജയം കൊണ്ടുവരുന്ന വിശുദ്ധന്‍ എന്നാണ് വി. ജോര്‍ജ് അറിയപ്പെടുന്നത്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. ഇൌ വിശുദ്ധന്റെ നാമത്തിലുള്ള ദേവാലയങ്ങളും ഇവിടെ ഏറെയുണ്ട്. ലോകം മുഴുവന്‍ ക്രൈസ്തവര്‍ ഉള്ള സ്ഥലങ്ങളിലെല്ലാം വി. ജോര്‍ജ് അനുസ്മരിക്കപ്പെടുന്നു. മറ്റു മതസ്ഥര്‍ക്കിടയിലും വി. ജോര്‍ജിന്റെ ശക്തി അംഗീകരിക്കുന്നവര്‍ ഏറെയുണ്ട്.

വി. ജോര്‍ജിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഒട്ടെറെ കഥകള്‍ നിലവിലുണ്ട്. ഇവയില്‍ ചിലതൊക്കെ പിന്നീട് രൂപപ്പെട്ടതാണെന്നു കരുതുന്നവരുമുണ്ട്.  പലസ്തീനിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ജോര്‍ജ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ സൈന്യത്തില്‍ ചേര്‍ന്ന ജോര്‍ജ് ഡിയോക്ളിഷ്യന്‍ ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ടവനായി മാറി. സന്തുഷ്ടനായ ചക്രവര്‍ത്തി ജോര്‍ജിനു മറ്റൊരു ഉയര്‍ന്ന പദവി നല്‍കുകയും ചെയ്തു. എന്നാല്‍ ചക്രവര്‍ത്തി ക്രൈസ്തവരെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ ജോര്‍ജ് ചക്രവര്‍ത്തിയുമായി ഇടഞ്ഞു.

അസാമാന്യ ചങ്കൂറ്റത്തോടെ പരസ്യമായി തന്റെ രാജി അദ്ദേഹം പ്രഖ്യാപിച്ചു. അക്കാലത്ത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ധൈര്യമായിരുന്നു ജോര്‍ജിന്റേത്. കാരണം, മരണശിക്ഷ ഉറപ്പായിരുന്നു. ജോര്‍ജിനും ഇതറിയാമായിരുന്നു. അതുകൊണ്ടു തന്നെ തന്റെ പേരിലുള്ള സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് നല്‍കി മരണത്തിനു അദ്ദേഹം തയാറെടുത്തിരുന്നു.
ഡിയോക്ളിഷ്യന്‍ ചക്രവര്‍ത്തിയുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറഞ്ഞശേഷം അദ്ദേഹം രാജിപ്രഖ്യാപിച്ചു.

''ചെറുപ്പക്കാരാ. നിന്റെ ഭാവി എന്തായി തീരുമെന്നു ചിന്തിച്ചു നോക്കൂ.''-ഡിയോക്ളിഷ്യന്‍ പറഞ്ഞു. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ പല പദവികളും നല്‍കാമെന്നും ധാരാളം പണം സമ്പാദിക്കാനാകുമെന്നും പ്രലോഭനങ്ങളുണ്ടായി. ജോര്‍ജ് വഴങ്ങിയില്ല.
''ഞാനൊരു ക്രിസ്ത്യാനിയാണ്. ഇൌ ഭുമിയിലുള്ള ഒന്നിനും എന്റെ വിശ്വാസത്തെ തകര്‍ക്കാനാവില്ല.'' അദ്ദേഹ്ം ഉറക്കെ വിളിച്ചു പറഞ്ഞു.

''ഒരു ദൈവവും നിന്നെ രക്ഷിക്കുകയില്ല. നീ മരിക്കാന്‍ പോകുകയാണ്'' എന്നു പ്രഖ്യാപിച്ചുകൊണ്ട് മരണശിക്ഷ തന്നെ ഡിയോക്ളിഷ്യന്‍ വിധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലടച്ചു.  ദിവസങ്ങള്‍ നീണ്ട ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം ഒടുവില്‍ ആ വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തി.  അദ്ഭുതപ്രവര്‍ത്തകനായ വി. ജോര്‍ജിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് തീ തുപ്പുന്ന ഭീകരജീവിയായ വ്യാളിയുടെ പിടിയില്‍ നിന്നു രാജകുമാരിയെ രക്ഷിക്കുന്ന കഥയാണ്. കുതിരപ്പുറത്തിരുന്നു കുന്തം കൊണ്ട് വ്യാളിയെ കുത്തുന്ന വിശുദ്ധന്റെ ചിത്രം മലയാളികള്‍ക്കിടയിലും വളരെ പ്രസിദ്ധമാണല്ലോ.

ആ കഥ ഇങ്ങനെ: ലിബിയയിലെ സിലേന എന്ന സ്ഥലത്ത് ഒരുവലിയ താടകത്തില്‍ ഒരു വ്യാളി ജീവിച്ചിരുന്നു. ഇൌ വ്യാളിയെ കൊല്ലാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആ രാജ്യത്തെ പട്ടാളം ഒന്നിച്ച് വ്യാളിയെ നേരിട്ടു. പക്ഷേ, അവരെയും അത് തോല്‍പിച്ചു. പലരെയും കൊന്നു.  ഒരു ദിവസം രണ്ട് ആടുകളെ വീതം നാട്ടുകാര്‍ വ്യാളിക്ക് ഭക്ഷണമായി എത്തിച്ചിരുന്നു. എന്നാല്‍ ആടുകളെല്ലാം തീര്‍ന്നപ്പോള്‍ വ്യാളിക്ക് തന്റെ ഭക്ഷണം കിട്ടാതായി. അതോടെ ഒരു ദിവസം ഒരു കന്യകയായ പെണ്‍കുട്ടിയെ വീതം ഭക്ഷിക്കാന്‍ തുടങ്ങി. ഒരോ ദിവസവും ഒരോ കുടുംബത്തിന്റെ ഉൌഴമായിരുന്നു. ഒടുവില്‍ ആ നാട്ടിലെ രാജകുമാരിയുടെ ഊഴമെത്തി.
കരഞ്ഞു പ്രാര്‍ഥിച്ച രാജകുമാരിയുടെ പ്രാര്‍ഥന ദൈവം കേട്ടു. സൈനിക വേഷത്തില്‍ വി. ജോര്‍ജ് ഒരു കുതിരപ്പുറത്ത് കയറി അവിടെയെത്തി. വ്യാളിയുമായി ഏറ്റുമുട്ടി. അതിനെ കുന്തം കൊണ്ട് കുത്തി കൊന്നു. ഒരു നാട് മുഴുവന്‍ സന്തോഷത്താല്‍ മതിമറന്നു. ജോര്‍ജിന്റെ അദ്ഭുതപ്രവര്‍ത്തി കണ്ട് ആ നാട്ടുകാരെല്ലാം ക്രിസ്തുമതത്തില്‍ വിശ്വസിച്ചു. തന്റെ മകളെ രക്ഷിച്ച ജോര്‍ജിനു രാജാവ് നിരവധി സമ്മാനങ്ങള്‍ നല്‍കി. എന്നാല്‍, അവയെല്ലാം അവിടെയുള്ള പാവപ്പെട്ടവര്‍ക്കു തന്നെ ജോര്‍ജ് വീതിച്ചു നല്‍കി.

ഒരു ഇറ്റാലിയന്‍ ഐതിഹ്യമാണിത്. എങ്കിലും അപകടങ്ങളില്‍ മധ്യസ്ഥനായി ജോര്‍ജ് എത്തുമെന്നു വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍ ഈ കഥ ലോകം മുഴുവന്‍ വളരെ വേഗം പ്രചരിച്ചു.
ആദിമ ക്രൈസ്തവര്‍ക്കിടയില്‍ തന്നെ ജോര്‍ജിന്റെ വിശുദ്ധജീവിതവും രക്തസാക്ഷിത്വവും പ്രകീര്‍ത്തിക്കപ്പെട്ടു. പത്താം നൂറ്റാണ്ടോടെ വി. ജോര്‍ജിന്റെ മഹത്വം യൂറോപ്പിലെങ്ങും വ്യാപിച്ചു. സ്ത്രീകളുടെ സംരക്ഷകന്‍, സര്‍പ്പം, പിശാച് തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷകന്‍, പാവപ്പെട്ടവരുടെ മധ്യസ്ഥന്‍ എന്നിങ്ങനെയൊക്കെ വി. ജോര്‍ജ് അറിയപ്പെടുന്നു.

മാനുവല്‍ ജോര്‍ജ്
പ്രാര്‍ഥന:
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ...എന്നെ ഞാന്‍ പൂര്‍ണമായി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അങ്ങയുടെ പുത്രനായ ഇൌശോ മിശിഹായുടെ കുരിശുമരണം ഒാര്‍ത്തുകൊണ്ട്, ഇൌശോയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തെ ധ്യാനിച്ചുകൊണ്ട്, അങ്ങേയ്ക്കു വേണ്ടി ജീവിച്ച്, അങ്ങേയ്ക്കു വേണ്ടി മരിച്ച വിശുദ്ധനായ ജോര്‍ജിനെ ഒാര്‍ത്തുകൊണ്ട്, ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. എന്റെ ജീവിതസാഹചര്യങ്ങള്‍ എന്നെ അപകടത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഞാന്‍ താഴെ വീണു പോകുകയാണ്. എന്നെ താങ്ങിനിര്‍ത്തേണമേ. എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടമാണ് നിറവേറേണ്ടത്. എങ്കിലും, എന്റെ ഇൌ ആവശ്യങ്ങള്‍ (ആവശ്യം പറയുക) അങ്ങയുടെ ഇഷ്ടത്തിന് എതിരുള്ളതല്ലെങ്കില്‍ അത് സാധിച്ചു തരേണമേ.. അങ്ങയുടെ കരുണയ്ക്കു എന്നും ഞാന്‍ നന്ദിയുള്ളവനായിരിക്കം. വി. ജോര്‍ജേ..എനിക്കു വേണ്ടി പ്രാര്‍ഥിക്കണമേ.
ആമേന്‍

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.